ന്യൂഡൽഹി: കർഷകർ സമരം നടത്തുന്ന വേദി ഒഴിപ്പിക്കാൻ രാത്രി എത്തിയ കേന്ദ്രസേനയും പോലീസ് സേനയും ഒടുവിൽ പിന്മാറി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനുമായി ഗാസിപ്പൂരിലെ സമരവേദിയിലേക്ക് എത്തിയ സേനകളെ ജില്ലാഭരണകൂടം തന്നെ ഒടുവിൽ പിൻവലിക്കുകയായിരുന്നു.
വൈദ്യുതി തടസപ്പെടുത്തിയും മറ്റും കർഷകരെ ഒഴിപ്പിക്കാനായി ഭരണകൂടം കോപ്പുകൂട്ടുന്നതായി നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കർഷകർക്ക് അന്ത്യശാസനവുമായി സേനകൾ നേരിട്ടെത്തിയത്. എന്നാൽ കർഷകർ കൂട്ടത്തോടെ സംഘടിച്ചതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് സേനകൾ പിൻവാങ്ങുകയായിരുന്നു. തിരക്കിട്ട് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജില്ലാ ഭരണകൂടം.
സമരസ്ഥലത്തെത്തിയ പോലീസും കേന്ദ്രസേനയും മടങ്ങിയതോടെയാണ് രാത്രി വൈകിയും നീണ്ട സംഘർഷാവസ്ഥയ്ക്ക് താത്കാലിക ശമനമായത്. പോലീസും കേന്ദ്രസേനയും മടങ്ങിയതോടെ കർഷകർ ദേശീയ പതാകയുമേന്തി ആഹ്‌ളാദപ്രകടനം നടത്തി.
നേരത്തെ പോലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പോലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടർന്നിരുന്നു. രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാൻ നേരത്തെ കർഷകർക്ക് നൽകിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തതിന്റെ പിന്നാലെ പോലീസ് ഒരു സംഘർഷമുണ്ടാക്കേണ്ടെന്ന തീരുമാനത്തിൽ പിൻവാങ്ങുകയായിരുന്നു.
ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ രാത്രി തിരക്കിട്ട് പോലീസ് നടപടിയുണ്ടായാൽ പാർലമെന്റിലടക്കം കേന്ദ്രസർക്കാരിന് വലിയ തലവേദനയായി പ്രതിപക്ഷം ഈ സംഭവം ഉയർത്തിക്കാണിക്കുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു.
നരത്തെ ഗാസിപ്പൂർ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ സന്ദർശിച്ച ശേഷം മടങ്ങിയിരുന്നു. വിജയം വരെ സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത് ഇതിനുപിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് തമ്പടിച്ച കർഷകർ പ്രധാന വേദിക്ക് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കയ്യിൽ ദേശീയ പതാകയുമേന്തിയാണ് കർഷകർ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.