ഔറംഗബാദ്: ‘എനിക്കിപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതിയാണ്’-65കാരിയായ ഹസീന ബീഗം പറയുകയാണ്. പാകിസ്ഥാനില്‍ പതിനെട്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സ്വന്തം നാട്ടിലെത്തിയ സന്തോഷമാണ് ഹസീന ബീഗത്തിന്.
ചൊവ്വാഴ്ച രാത്രിയാണ് ഹസീന ബീഗം സ്വന്തം നാടായ ഔറംഗബാദില്‍ കാലുകുത്തിയത്. പാകിസ്ഥാനിലെ ലാഹോറിലുള്ള ബന്ധുക്കളെ കാണാന്‍ പോയി രേഖകള്‍ നഷ്ടമായി പാകിസ്ഥാനിലെ ജയിലിലായിരുന്നു.
പാസ്പോര്‍ട്ടും ബന്ധുക്കളുടെ താമസ സ്ഥലവുമടങ്ങുന്ന വിലാസമുള്‍പ്പെടെ എല്ലാം ഹസീനയില്‍ നിന്ന് നഷ്ടപ്പെട്ടു. എവിടെയാണ് ബന്ധുക്കള്‍ താമസിക്കുന്നതെന്ന് പാകിസ്ഥാന്‍ പൊലീസിനോട് പറയാന്‍ പോലും ഹസീനക്ക് കഴിഞ്ഞില്ല. അങ്ങനെ അവര്‍ പൊലീസ് പിടികൂടി, ജയിലിലായി.
ഹസീനയുടെ ബന്ധുക്കള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഔറംഗാബാദ് പോലീസ് മിസിങ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും പാകിസ്ഥാന്‍ അധികൃതര്‍ക്ക് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവരുടെ മോചനം സാധ്യമാകുന്നത്. നാട്ടിലേക്ക് തിരിച്ചെത്തിയ ഹസീനയെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ക്ക് പുറമെ ഔറംഗാബാദ് പോലീസും ഉണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലാണ് ഹസീനയുടെ ഭര്‍ത്താവിന്റെ വീട്. അവിടെയും സ്വന്തം നാടായ ഔറംഗബാദിലും ഇല്ലാതായതോടെ ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിയിരുന്നു. മറ്റ് തിരിച്ചറിയല്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. മൂന്ന് ദശാബ്ദം മുമ്പ് ഇവരുടെ പേരില്‍ വാങ്ങിയ 600 ച.അടി സ്ഥലത്തിന്റെ രേഖകള്‍ വെച്ചാണ് ഇവരെ തിരിച്ചറിഞ്ഞ് ഇന്ത്യയിലെത്തിച്ചത്.
ലാഹോറിലെ ബന്ധുവിനെ കാണാനാണ് ഹസീന ബീഗം പോയത്. എന്നാല്‍ അതിന് മുമ്പേ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ അറസ്റ്റിലായി. ഇവര്‍ ചാരയാണെന്ന് പാകിസ്താന്‍ പോലീസ് സംശയിച്ചു. ലാഹോര്‍ ജയിലിലാണ് ഹസീനയെ 18 വര്‍ഷം തടവില്‍ പാര്‍പ്പിച്ചത്. ഹസീന ഭര്‍ത്താവിന്റെ പേര് പാക് അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്ന് അവര്‍ ഈ വിവരങ്ങള്‍ ഇന്ത്യയുടെ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറി.
എന്നാല്‍, വിവാഹം ചെയ്തതിന്റെ രേഖകളൊന്നും ഹാജരാക്കാന്‍ ഹസീനക്ക് കഴിഞ്ഞില്ല. അഞ്ച് വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവിനെ തിരിച്ചറിഞ്ഞത്. യുപി സ്വദേശിയായ ദില്‍ഷാദ് അഹമ്മദാണ് ഹസീനയുടെ ഭര്‍ത്താവ്. രണ്ട് വര്‍ഷം മുമ്പ് റാഷിദ്പുരയിലെ ബന്ധുവായ സൈനുദ്ദീന്‍ ചിഷ്തിയുടെ വിവരങ്ങള്‍ വെച്ച് ഹസീന വീണ്ടും ഹര്‍ജി നല്‍കി. ഇതാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താന്‍ സഹായകരമായത്.
2020 ഡിസംബറില്‍ പാകിസ്ഥാന്‍ ഹസീനയെ ഇന്ത്യക്ക് കൈമാറിയെങ്കിലും കൊവിഡ് പ്രശ്നം കാരണം ഔറംഗബാദിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അമൃത്സറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രി ഹോസ്റ്റലിലായിരുന്നു താമസിച്ചത്.