ഹൈദരാബാദ്: ബാബറി മസ്ജിദിന് പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്കായി സംഭാവന നല്‍കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഹറാം ആണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. പള്ളി നിര്‍മാണത്തിന് സംഭാവന ചെയ്യുന്നതിനുപകരം ആ പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് മുസ്ലിങ്ങള്‍ നല്‍കണമെന്നും ഒവൈസി പറഞ്ഞു.
ബിഹാറില്‍ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന പ്രമേയത്തിലുള്ള പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഒവൈസിയുടെ ഈ പ്രസ്താവന.
‘ ഇതേക്കുറിച്ച് മതപണ്ഡിതന്മാരായ മുഫ്തികളുടെയും അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ഉലമയുടെയും അഭിപ്രായങ്ങള്‍ തേടിയിരുന്നു. എല്ലാവരും അതിനെ മസ്ജിദ് എന്ന് വിളിക്കരുതെന്നും അവിടെ പ്രാര്‍ത്ഥനകള്‍ നടത്താനാവില്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. ആ മസ്ജിദിന്റെ നിര്‍മ്മാണത്തിന് സംഭാവന നല്‍കുകയും,അതില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഹറാമാണ്’ ഒവൈസി പറഞ്ഞു.
ഡോ. അംബേദ്കറുടെ ഉപദേശങ്ങളില്‍ വിശ്വാസമുള്ളവര്‍ തങ്ങളുടെ ജീവിതത്തെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ രൂപപ്പെടുത്തണമെന്നും ഒവൈസി പറഞ്ഞു. ഓരോ പൗരനും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും യഥാര്‍ത്ഥ മനോഭാവത്തില്‍ ഉറപ്പാക്കിയാല്‍ സ്വാതന്ത്ര്യത്തിന്റെ ഫലങ്ങള്‍ ആസ്വദിക്കാനാകുമെന്നും ഒവൈസി പറഞ്ഞു.
മാത്രമല്ല ദലിത്, പിന്നോക്ക വിഭാഗങ്ങളുമായി മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ”അവരുമായി സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മൂന്ന് സമുദായങ്ങളും പരസ്പരം സഹകരിക്കാന്‍ തുടങ്ങിയാല്‍, ജനസംഖ്യയുടെ 22 ശതമാനം മാത്രമുള്ള ഉയര്‍ന്ന ജാതിക്കാരായവരുടെ 70 വര്‍ഷത്തെ ഭരണം നിങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ കഴിയും, ഒവൈസി പറഞ്ഞു.