തിരുപ്പതി: ചിറ്റൂര്‍ ഇരട്ടക്കൊലക്കേസില്‍ പരസ്പരവിരുദ്ധമൊഴികള്‍ നല്‍കി പ്രതികളായ പുരുഷോത്തം നായിഡുവും ഭാര്യ പദ്മജയും. ഇരുവരും തിരുപ്പതി എസ്‌വിആര്‍ആര്‍ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തില്‍ ചികിത്സയിലാണ്.
ദമ്പതിമാരില്‍ പുരുഷോത്തം നായിഡു നിലവില്‍ സാധാരണനിലയില്‍ സംസാരിക്കുന്നുണ്ടെങ്കിലും പദ്മജ ഇപ്പോഴും പരസ്പരവിരുദ്ധമായാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം തെളിവെടുപ്പിന് പോയപ്പോള്‍ പദ്മജ കൈകള്‍ വട്ടംകറക്കിയും പൊട്ടിച്ചിരിച്ചും അസാധാരണമായാണ് പെരുമാറിയിരുന്നത്.
മാത്രമല്ല, പ്രതികളെ കോവിഡ് പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും പോലീസ് ഏറെ പണിപ്പെട്ടു. ആശുപത്രിയിലെത്തിയ പദ്മജ കോവിഡ് പരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ വിസമ്മതിച്ചു. താന്‍ ശിവനാണെന്നും കൊറോണ വൈറസിന് ജന്മം നല്‍കിയത് താനാണെന്നുമായിരുന്നു പദ്മജയുടെ വാദം. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ അല്ലെന്നും കലിയുഗത്തിലെ മോശപ്പെട്ട കാര്യങ്ങളെല്ലാം ശുചീകരിക്കാന്‍ ദൈവം സൃഷ്ടിച്ചതാണെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ ശിവനാണ്. എന്റെ ശരീരമാണ് കൊറോണ വൈറസിന് ജന്മം നല്‍കിയത്. ഒരു വാക്‌സിനും ഉപയോഗിക്കാതെ ഇതെല്ലാം മാര്‍ച്ച് മാസത്തോടെ അവസാനിക്കും. ഒരു വാക്‌സിനും ആവശ്യമില്ല. എന്റെ തൊണ്ടയില്‍ വിഷമുണ്ട്. അതിനാല്‍ എനിക്ക് കൊറോണ വൈറസ് ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല’- പദ്മജ ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു. ഒടുവില്‍ ഭര്‍ത്താവ് പുരുഷോത്തം നായിഡുവും ഡോക്ടര്‍മാരും ഏറെനേരം അഭ്യര്‍ഥിച്ചതിന് ശേഷമാണ് അവര്‍ പരിശോധനയ്ക്ക് തയ്യാറായത്.
പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് രണ്ട് പെണ്‍മക്കളെയും പുരുഷോത്തം നായിഡുവും പദ്മജയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലില്‍ പിജി വിദ്യാര്‍ഥിയായ ആലേഖ്യ(27) സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം.
വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോള്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും അന്നേദിവസം മക്കള്‍ പുനര്‍ജനിക്കുമെന്നുമാണ് പദ്മജ പോലീസിനോട് പറഞ്ഞത്. മൃതദേഹം വീട്ടില്‍നിന്ന് കൊണ്ടുപോകുന്നതും പൂജാമുറിയില്‍ പോലീസ് പ്രവേശിക്കുന്നതും ഇവര്‍ തടയാന്‍ ശ്രമിച്ചു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് പോലീസിന് വീടിനകത്ത് പ്രവേശിക്കാനായത്.
രസതന്ത്രത്തില്‍ പിഎച്ച്ഡി നേടിയ പുരുഷോത്തം നായിഡു സര്‍ക്കാര്‍ കോളേജില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐഐടി പ്രവേശനപരീക്ഷ പരിശീലനസ്ഥാപനത്തില്‍ അധ്യാപികയായിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ള കുടുംബം ഇത്തരത്തില്‍ അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
അതേസമയം, കൃത്യം നടത്താന്‍ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
മൂത്തമകളായ ആലേഖ്യയാണ് ഇളയമകളെ കൊലപ്പെടുത്തിയതെന്നും ആലേഖ്യ കൊല്ലാന്‍ യാചിച്ചിട്ടാണ് താന്‍ അവളെ കൊലപ്പെടുത്തിയതെന്നും പദ്മജ മൊഴിനല്‍കിയിരുന്നു. മനോനില സാധാരണനിലയില്ലാത്തതിനാല്‍ ഇവരുടെ മൊഴികളൊന്നും പോലീസ് കാര്യമായിട്ടെടുത്തിട്ടില്ല.
Discussion about this post