ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവും ബിജെപിയുമായുള്ള ബന്ധം ഇങ്ങനെ

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയത് പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ താരവും ബിജെപിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു 2015ല്‍ പുറത്തിറങ്ങിയ രാംത ജോഗി എന്ന സിനിമയിലൂടെയാണ് സിനിമാ കരിയര്‍ ആരംഭിച്ചത്. 1984ല്‍ പഞ്ചാബിലെ മുക്തസാര്‍ ജില്ലയില്‍ ജനിച്ച സിദ്ദു, കിങ് ഫിഷര്‍ മോഡല്‍ ഹണ്ടിലെ വിജയി കൂടിയാണ്.

ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്റെ അനുയായി കൂടിയായ സിദ്ദു 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ സമയത്ത് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സജീവമായി തന്നെ കൂടെയുണ്ടായിരുന്നു.

ബിജെപി എംപി സണ്ണി ഡിയോളിന്റെ കൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൂടെയും ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പവും ദീപ് സിദ്ദു നില്‍ക്കുന്ന ഫോട്ടോകളും ഇന്നലത്തെ അക്രമ സംഭവങ്ങളോടെ വൈറലായിട്ടുണ്ട്.

സിഖ് പതാകയാണ് ചെങ്കോട്ടയില്‍ ഉയര്‍ത്തിയതെന്നും ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നുമാണ് ദീപ് സിദ്ദുവിന്റെ പ്രതികരണം. പ്രതിഷേധത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ യഥാര്‍ത്ഥ അവകാശങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ അത്തരം നീക്കങ്ങള്‍ ദേഷ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Exit mobile version