ന്യൂഡല്‍ഹി: വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശവും ഇതോടെ റദ്ദായി.
മൂന്ന് വനിതാ അഭിഭാഷകര്‍ നല്കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെകെ വേണുഗോപാല്‍ പറഞ്ഞു.
കൃത്യമായ ഒരു ഹര്‍ജി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. ചര്‍മവും ചര്‍മവും തമ്മില്‍ സ്പര്‍ശം ഉണ്ടായില്ല. അതിനാല്‍ ലൈംഗിക പീഡനമായി കണക്കാക്കിയില്ല എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. സ്ത്രീയുടെ അന്തസു ഹനിക്കല്‍ നിയമപ്രകാരം മാത്രമായിരുന്നു ശിക്ഷ.
വലിയ പ്രതിഷേധമാണ് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊന്‍പതുകാരനെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ച സെഷന്‍സ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്.
31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ഞെട്ടിക്കുന്ന ഈ പരാമര്‍ശം നടത്തിയത്. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസില്‍ പോക്സോ ചുമത്തിയിരുന്നെങ്കില്‍ പ്രതിക്ക് കുറഞ്ഞത് 3 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചതാണ് കേസ്. പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Discussion about this post