ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോയെന്ന ചോദ്യത്തോടും രസകരമായ മറുപടിയുമായി ബാബാ രാംദേവ്.
മോഡി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചോ, താങ്കള്‍ക്ക് എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പ്രശ്നത്തിലാവാന്‍ താനില്ല എന്നും അതിന് വില നല്‍കാന്‍ തനിക്കാവില്ലെന്നുമായിരുന്നു രാം ദേവിന്റെ മറുപടി.
എന്നാല്‍ മോഡിയുടെ നേതൃഗുണത്തെയും നയങ്ങളേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്ന് പറയാന്‍ പറ്റില്ല. നൂറിലേറെ രാഷ്ട്ര നിര്‍മ്മാണ പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നതെന്നും പറഞ്ഞ് മോഡിയെ മയപ്പെടുത്താനും ബാബാ രാംദേവ് മറന്നില്ല.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കള്ളപ്പണം പൂര്‍ണമായും രാജ്യത്ത് നിന്ന് തുടച്ചുനീക്കാന്‍ സാധിച്ചോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങളെല്ലാം നേരത്തേയും ചര്‍ച്ച ചെയ്തതാണല്ലോ എന്നായിരുന്നു രാംദേവിന്റെ മറുപടി.
എല്ലാ പണവും ഇപ്പോള്‍ തുല്യമാണ്. എന്നാല്‍ ഈ പണമെല്ലാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പണം കൂടുതലായി നിക്ഷേപിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും രാം ദേവ് പറഞ്ഞു.
Discussion about this post