നേതാജിയുടെ ചിത്രത്തിന് പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമോ? വൈറലായി ചര്‍ച്ച

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന നേതാജിയുടെ ചിത്രം അനാച്ഛാദനം ചെയ്തതില്‍ വിവാദം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമാണെന്ന ആരോപണമാണ് ഉയരുന്നത്.

2019 ലിറങ്ങിയ സുഭാഷ് ചന്ദ്രബോസിന്റെ ബയോപികില്‍ നേതാജിയുടെ വേഷം ചെയ്ത പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രമാണ് രാഷ്ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്തതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നത്.

ജനുവരി 23നാണ് നേതാജിയുടെ ഛായാചിത്രം അനാച്ഛാദന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടന്നത്. രാംനാഥ് കോവിന്ദ് ചിത്രം അനാച്ഛാദനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് ചിത്രം മാറിപോയെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര എംപി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയത്.

‘അഞ്ചുലക്ഷം രൂപ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയതോടെ നേതാജിയുടെ ബയോപിക്കില്‍ അഭിനയിച്ച പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ (കാരണം സര്‍ക്കാറിന് തീര്‍ച്ചയായും അത് കഴിയില്ല)’ എന്നായിരുന്നു മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്.

എന്നാല്‍ അസ്ഥാനത്തുള്ള വിവാദമാണിതെന്നാണ് ബിജെപി പ്രതികരിക്കുന്നത്. നേതാജിയുടെ കുടുംബം നല്‍കിയ ചിത്രം നോക്കി പ്രമുഖ ചിത്രകാരന്‍ പരേഷ് മെയ്തിയാണ് ചിത്രം വരച്ചതെന്നും ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ‘പ്രസന്‍ജിത്ജിയുമായി ഒരു സാമ്യവും ചിത്രത്തിനില്ല. തീര്‍ത്തും അനാവശ്യമായ വിവാദമാണിത്’, ബിജെപി വൃത്തങ്ങള്‍ പറയുന്നു. അതേസമയം വിഷയത്തില്‍ രാഷ്ട്രപതി ഭവന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version