ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും അഭിനന്ദിച്ച് കത്തെഴുതി വിവാദ ആള്‍ദൈവം നിത്യാനന്ദ. ‘ഹിന്ദുത്വത്തിന്റെ മഹാആചാര്യന്’ എന്ന് സ്വയം വിശേഷിപ്പിച്ച് കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റിനുള്ള നിത്യാനന്ദയുടെ അഭിനന്ദനക്കത്ത്. മികച്ച ഭരണം നടത്താന്‍ കഴിയട്ടെ എന്ന് നിത്യാനന്ദ കത്തില്‍ ആശംസിക്കുന്നു. കത്തിന്റെ പകര്‍പ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.
അമേരിക്കയ്ക്ക് ഇപ്പോഴുള്ള കരുത്തും നേതൃത്വപദവിയും തുടരാന്‍ ബൈഡനും കഴിയട്ടേയെന്നും ഭൂമിയില്‍ സമാധാനവും സമൃദ്ധിയും നിറയാന്‍ അമേരിക്കയുടെ എല്ലാവിധ സഹായവും വേണമെന്നും നിത്യാനന്ദ കത്തില്‍ ആവശ്യപ്പെടുന്നു. കൈലാസ രാജ്യത്ത് നിന്ന് ഹിന്ദുത്വത്തിന്റെ മഹാആചാര്യന്, ജഗത് ഗുരു മഹാ സന്നിധാനം ഭഗവാന് ശ്രീ നിത്യാനന്ദ പരമശിവം എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഇന്റര്‍പോള്‍ വരെ തിരയുന്ന കുറ്റവാളിയുടെ ഈ കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാണ്. താന്‍ മരിച്ച ശേഷം തന്റെ സമ്പത്തും മൃതദേഹവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ മുന്‍പ് ആവശ്യപ്പെട്ടിരുന്നു.
നേരത്ത, സാങ്കല്പിക രാഷ്ട്രമായ ‘കൈലാസ’ത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു. ഓസ്ട്രേലിയയില്‍ എത്തിയ ശേഷം അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനം വഴി വേണം ദ്വീപിലേക്ക് എത്താനാണ് നിര്‍ദേശിച്ചിരുന്നത്. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം.
‘നിത്യാനന്ദ ധ്യാനപീഠം’ എന്ന പേരില്‍ ഒരു ഹിന്ദു മതസംഘം സ്ഥാപിച്ച നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ അനധികൃതമായി തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേക്ക് കടന്നത്. ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് നിലവിലുണ്ട്.
ഇതിനു ശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ടു കൊണ്ട് ‘കൈലാസ’ എന്ന പേരില്‍ ഒരു സ്വകാര്യദ്വീപ് വാങ്ങി അത് സ്വന്തം രാജ്യമായി ഇയാള്‍ പ്രഖ്യാപിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂര്‍ണമായി ഒരു സര്‍ക്കാറുള്ള രാജ്യമായാണ് കൈലാസത്തെ വിശേഷിപ്പിക്കുന്നത്.
ഓഗസ്റ്റില്‍ നിത്യാനന്ദ പുതിയ സെന്‍ട്രല്‍ ബാങ്കും ‘കൈലാഷിയന്‍ ഡോളര്‍’ എന്ന പേരില്‍ പുതിയ കറന്‍സിയും പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.
Discussion about this post