ലഖ്നൗ: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർഷകരുടെ സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടന നടത്തുന്ന ട്രാക്ടർ റാലി തകർക്കാൻ യുപി സർക്കാർ ശ്രമം. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി പ്രതിഷേധത്തെ തടയാനായി യോഗി സർക്കാർ മാർഗനിർദേശം പുറത്തിറക്കിയെന്നാണ് ആരോപണം.
കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപിന്നാലെ സർക്കാരിനെതിരെ പ്രതിഷേധവുമായി കർഷകനേതാക്കളടക്കമുള്ളവർ രംഗത്തെത്തി. ഈ രീതിനടപടികളിലൂടെ സമരത്തെ നേരിടാം എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ ശക്തമായ പ്രതിഷേധമുയരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ വ്യക്തമാക്കി.
യോഗി സർക്കാർ നടപടിക്ക് എതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വിമർശനവുമായി രംഗത്തെത്തി.
ഇതിനിടെ, ട്രാക്ടർ റാലിക്കെത്തുന്ന കർഷകർക്ക് സംയുക്ത കിസാൻ മോർച്ച കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു ട്രാക്ടറിൽ അഞ്ച് പേരിൽ കൂടൂതൽ പാടില്ലെന്നും ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളുവെന്നും സംയുക്ത കിസാൻ മോർച്ച നിർദേശിച്ചിട്ടുണ്ട്.
പോലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണം. പോലീസും റാലിയുടെ ഭാഗമെന്ന് ഓർക്കണം. ലഹരിയോ മറ്റു പദാർത്ഥങ്ങളോ ഉപയോഗിക്കരുത്. വടിയോ, ആയുധങ്ങളോ കൈയിൽ കരുതരുത്. സംയുക്ത കിസാൻ മോർച്ചയുടെ നവ മാധ്യമ അക്കൗണ്ടുകൾ പിൻതുടർന്ന് വിവരങ്ങൾ അറിയാം. തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള യാതൊരു മുദ്രവാക്യവും പാടില്ല. സമരത്തെ സംബന്ധിക്കുന്ന ബാനറുകൾ മാത്രം ട്രാക്ടറിൽ പ്രദർശിപ്പിക്കാൻ പാടുള്ളു. ഉച്ചത്തിൽ പാട്ട് വെക്കാൻ പാടില്ല. റാലിയുടെ മുൻനിരയെ കടന്നു ഒരു ട്രാക്ടറും പോകരുത് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
തലസ്ഥാന നഗരത്തെ വലയം വെക്കുംവിധം 100 കിലോമീറ്റർ ദൂരത്തിൽ റാലി സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാൽ റാലി തുടങ്ങും.