നാഗ്പുർ: വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ സ്പർശിച്ച കേസിൽ പോക്‌സോ കേസ് ചുമത്താതെ ബോംബെ ഹൈക്കോടതി. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്നാണ് ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല വ്യാഖ്യാനിച്ചത്.
അതേസമയം, പ്രസ്തുത കേസ് ഐപിസി 354യുടെ പരിധിയിൽ ഉൾപ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. തുടർന്ന് ഒരു വർഷത്തെ ജയിൽവാസവും പ്രതിക്ക് കോടതി വിധിച്ചു.
12 വയസ്സുകാരിയെ പേരയ്ക്ക നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് കോടതി വിധി. കുട്ടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് പെൺകുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ വിചാരണ കോടതി പോക്‌സോ സെക്ഷൻ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിലെ ആരോപണവിധേയൻ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് പോക്‌സോ പ്രകാരം ലൈംഗിക അതിക്രമത്തിൽപ്പെടുമോ എന്ന് ആരോപണവിധേയൻ കോടതിയിൽ ചോദ്യമുന്നയിച്ചു. തുടർന്നാണ് പോക്‌സോ സെക്ഷൻ 7ൽ കോടതി വിശദീകരണം നൽകിയത്. സെക്ഷൻ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ(Skin to Skin Contact) മാറിടത്തിൽ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണ വിധേയനിൽ നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിർദേശിച്ചു.
പോക്‌സോ സെക്ഷൻ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 35 വർഷം വരെയാണ് തടവുശിക്ഷ. അതേസമയം, ഇപ്പോൾ പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്ന ഐപിസി 354 പ്രകാരമുള്ള കേസിന് ഒരു വർഷം വരെയാണ് ജയിൽ തടവ്.