ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാതാവിന് കത്തെഴുതി കർഷകൻ. കാർഷിക ഭേദഗതി നിയമം പിൻവലിക്കാൻ മോഡിയോട് ആവശ്യപ്പെടണമെന്നും ഇതിനായി സമ്മർദ്ദം ചെലുത്താൻ മോഡിയുടെ അമ്മയ്ക്ക് മാത്രമെ സാധിക്കൂ എന്നുമാണ് കർഷകൻ പറയുന്നത്. കാർഷിക നിയമത്തിൽ കേന്ദ്രസർക്കാരിന്റെ കർക്കശനിലപാടിൽ നിന്നും പിന്മാറാൻ മോഡിയിൽ സമ്മർദം ചെലുത്താൻ അമ്മക്ക് കഴിയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഹർപ്രീത് സിങ് എന്ന കർഷകനാണ് മോഡിയുടെ അമ്മ ഹീരാബെൻ മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. വളരെ വൈകാരികമായ കത്ത് ഹിന്ദിയിലാണ്.
‘അതീവ ദുഃഖത്തോടെയാണ് ഞാൻ ഈ കത്തെഴുതുന്നത്. കാർഷിക ഭേദഗതി നിയമം പിൻവലിക്കുന്നതിനായി രാജ്യത്തെ അന്നദാതാക്കളായ കർഷകർ കഠിനമായ കാലാവസ്ഥയിലും തെരുവിൽ ഉറങ്ങുന്നത് താങ്കളും കാണുന്നുണ്ടാവും. പ്രക്ഷോഭകരിൽ 90-95 വയസുള്ളവർ വരെയുണ്ട്. അവരെ കൂടാതെ കുട്ടികളും സ്ത്രീകളുമുണ്ട്. കഠിനമായ തണുപ്പ് പ്രക്ഷോഭകരെ രോഗികളാക്കുകയാണ്. അവരുടെ ജീവൻ നഷ്ടപ്പെടുന്നത് നമുക്കെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്.’-ഹർപ്രീതിന്റെ കത്തിൽ പറയുന്നു.
അദാനി, അംബാനി അടക്കമുള്ള കോർപ്പറേറ്റുകളുടെ നിർദേശ പ്രകാരം രാജ്യത്ത് നടപ്പിലാക്കിയ കാർഷിക നിയമത്തിനെതിരെയാണ് ഡൽഹി അതിർത്തിയിൽ കർഷകർ സമാധാനപരമായി പ്രതിഷേധം നടക്കുന്നത്. ഒരുപാട് പ്രതീക്ഷയിലാണ് താൻ ഈ കത്ത് എഴുതുന്നത്. നിങ്ങളുടെ മകൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം നടപ്പിലാക്കിയ കാർഷിക നിയമം അദ്ദേഹത്തിന് പിൻവലിക്കാൻ കഴിയും. ഒരാൾക്ക് അയാളുടെ അമ്മയെ നിരസിക്കാൻ കഴിയില്ല. രാജ്യം മുഴുവൻ നിങ്ങളോട് കടപ്പെട്ടിരിക്കും. ഒരു അമ്മക്ക് മാത്രമെ മകനോട് കൽപ്പിക്കാൻ കഴിയൂ’-എന്നാണ് ഹർപ്രീതിന്റെ വാക്കുകൾ.
Discussion about this post