ന്യൂഡല്‍ഹി: സ്ത്രീകളില്‍ കുത്തിവെക്കുന്ന ഗര്‍ഭനിരോധന മരുന്നിന് വിദഗ്ധസമിതിയുടെ അനുമതി. മാസത്തിലൊരിക്കല്‍ എടുക്കാവുന്ന സിന്തറ്റിക് ഈസ്ട്രജന്, പ്രൊജസ്റ്റെറോണ്‍, മെഡ്രോക്സിപ്രൊജസ്റ്റെറോണ് (25 എംജി.), എസ്ട്രാഡയോള്‍ സൈപിയോണേറ്റ് (5 എംജി) എന്നിവയടങ്ങിയ കുത്തിവെപ്പ് സുരക്ഷിതമെന്നാണ് സമിതി കണ്ടെത്തിയത്. മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പ്രത്യുത്പാദനകാലത്ത് ഈ കുത്തിവെപ്പ് കൂടുതല്‍ സുരക്ഷിതമാണെന്നാണ് നിഗമനം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ക്ലിനിക്കല്‍ ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ. നീലിമ ക്ഷീര്‍സാഗര്‍ അധ്യക്ഷയായ സമിതിയാണ് മരുന്നുസംയുക്തത്തിന് അനുമതി നല്‍കിയത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മരുന്നു സംയുക്തം ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഇത് സുരക്ഷിതവും ഫലവത്തുമാണെന്ന് കണ്ടെത്തി.
ലാറ്റിനമേരിക്ക, ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഇതുപയോഗിക്കുന്നുണ്ട്. ഈസ്ട്രജന്റെയും പ്രൊജസ്റ്റെറോണിന്റെയും സംയുക്തം 1989-ല്‍ രാജ്യത്ത് നിരോധിച്ചിരുന്നു. 2017-ല്‍ അന്നത്തെ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥന് അധ്യക്ഷയായ വിദഗ്ധസമിതി നിരോധനം നീക്കണമെന്ന് ഡ്രഗ് കണ്ട്രോളര് ജനറലിനോട് ശുപാര്‍ശ ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരോധനം നീക്കുന്നതിന്റെ പ്രായോഗികവശങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഡോ. നീലിമ ക്ഷീര്‍സാഗറിന്റെ അധ്യക്ഷതയില്‍ ഉപസമിതിയെ നിയോഗിച്ചത്.
Discussion about this post