ന്യൂഡൽഹി: കോവിഷീൽഡ് കോവിഡ് വാക്സിനുകൾ ഇന്ത്യയിൽ നിന്നും ബ്രസീലിലേക്ക് കയറ്റുമതി ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് നന്ദിയറിച്ച് ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോയുടെ ട്വീറ്റ്. കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിൽ ഇന്ത്യയെ പോലെ മഹത്തായ രാജ്യത്തിന്റെ പങ്കാളിത്തം ലഭിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് ബ്രസീൽ പ്രസിഡന്റ് കുറിച്ചു. ബ്രസീലിലേക്ക് വാക്സിൻ കയറ്റി അയച്ച് ഇന്ത്യ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
ആഗോളപ്രതിസന്ധി മറികടക്കാനുള്ള യജ്ഞത്തിൽ ഉത്കൃഷ്ടനായ പങ്കാളിയെ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബൊൽസനാരോ ട്വീറ്റിൽ അറിയിച്ചു. ഇന്ത്യയിൽ നിർമ്മിച്ച രണ്ട് ദശലക്ഷം കോവിഷീൽഡ് വാക്സിൻ ഡോസുകളാണ് വെള്ളിയാഴ്ച ബ്രസീലിലേക്ക് കയറ്റി അയച്ചത്. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിസംബോധന ചെയ്ത് ബ്രസീൽ പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.
ബ്രസീലിയൻ ഭാഷയിലാണ് ട്വീറ്റെങ്കിലും അഭിസംബോധന ചെയ്യാൻ നമസ്കാർ, നന്ദിയറിയിക്കാൻ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊൽസനാരോ ഉപയോഗിച്ചത്. ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ ആദ്യ റിപ്ലൈയായി ട്വീറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ മൃതസഞ്ജീവനിക്കായി ഗന്ധമാദനപർവതം കൈയിലേന്തി പറക്കുന്ന ഹനുമാന്റെ ചിത്രവും ഈ ട്വീറ്റിനോടൊപ്പം പ്രസിഡന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നിലവിൽ ലോകത്തിലെ നൂറോളം രാജ്യങ്ങൾ കോവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. മുംബൈ വിമാനത്താവളത്തിൽ നിന്ന് 14.17 ദശലക്ഷം കോവിഷീൽഡ് ഡോസുകൾ ഇതിനോടകം ലോകവിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി ജനുവരി 22 ൽ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു.
– Namaskar, Primeiro Ministro @narendramodi
– O Brasil sente-se honrado em ter um grande parceiro para superar um obstáculo global. Obrigado por nos auxiliar com as exportações de vacinas da Índia para o Brasil.
– Dhanyavaad! धनयवाद pic.twitter.com/OalUTnB5p8
— Jair M. Bolsonaro (@jairbolsonaro) January 22, 2021
Discussion about this post