മുംബൈ: ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ച് സംസാരിച്ച റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ വാളെടുത്ത് ശിവസേന. അർണബിനെതിരെ കേസെടുത്ത് ആണത്തം തെളിയിക്കാൻ ബിജെപിയോട് ശിവസേന ആവശ്യപ്പെട്ടു. പാർട്ടി മുഖപത്രമായ ‘സാമ്‌ന’യുടെ മുഖപ്രസംഗത്തിലാണ് ഈ വെല്ലുവിളി. 100 ഗ്രാം കഞ്ചാവ് പിടിച്ചാൽ ബഹളം വയ്ക്കുന്ന മാധ്യമങ്ങൾ അർണബിന്റെ രാജ്യദ്രോഹത്തെക്കുറിച്ച് ചർച്ച നടത്തുന്നില്ലെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബലാക്കോട്ടിൽ സൈന്യം വ്യോമാക്രമണം നടത്താൻ ഒരുങ്ങുന്നത് അർണബ് ഗോസ്വാമി നേരത്തേ അറിഞ്ഞുവെന്നു സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സാമ്‌നയിലെ വിമർശനം.
”താണ്ഡവ്” എന്ന വെബ്‌സീരീസിനെതിരെ ചില ബിജെപി നേതാക്കൾ പരാതി നൽകിയത് നല്ലകാര്യം തന്നെ. എന്നാൽ സൈനികരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ച അർണബിനെതിരെ കേസു കൊടുത്താൽ മാത്രമേ അവരെ യഥാർത്ഥ ആണുങ്ങളെന്ന് വിളിക്കാനാവൂ എന്നും മുഖപ്രസംഗം പരിഹസിച്ചു.
40 സൈനികരുടെ രക്തം ചിന്തിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു. അർണബിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെ ആരോപണങ്ങൾ കൂടുതൽ ശക്തമായി. കേന്ദ്ര സർക്കാർ സത്യം പുറത്തു കൊണ്ടുവരണമെന്നാണ് സാമ്‌നയിലെ മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നത്.
Discussion about this post