ന്യൂഡൽഹി: ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ കോവിഡ് വാക്‌സിൻ ഉപയോഗിക്കരുതെന്ന് വാക്‌സിൻ കമ്പനികളുടെ മാർഗനിർദേശം. കോവിഷീൽഡിന്റേയും, കോവാക്‌സിന്റേയും കമ്പനികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഗുരുതര അലർജിയുള്ളവർ കുത്തിവയ്‌പ്പെടുക്കരുത് എന്ന മുന്നറിയിപ്പ് ഉള്ളത്.
ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്‌സിൻ എന്നിവയോട് അലർജിയുള്ളവർക്കായാണ് മുൻകരുതൽ നിർദേശം. അനാഫിലാസിസ് പോലുള്ള ഗുരുതര അലർജിയുള്ളവർ കോവിഡ് വാക്‌സിൻ എടുക്കരുതെന്നും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പുറമെ ഗർഭം ധരിക്കാൻ പദ്ധതിയിടുന്നവരും കോവീഷിൽഡ് സ്വീകരിക്കുന്നതിന് മുൻപ് വാക്‌സിനേറ്ററുടെ അഭിപ്രായം തേടണമെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
പ്രതിരോധശേഷി അമർച്ച ചെയ്യുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരും പ്രതിരോധശേഷി കുറവുള്ളവരും കോവാക്‌സിൻ എടുക്കരുതെന്നാണ് മുന്നറിയിപ്പ്. കീമോതെറാപ്പി ചെയ്യുന്ന കാൻസർ രോഗികൾ, എച്ച്‌ഐവി പോസിറ്റീവ് ആയ രോഗികൾ എന്നിവാണ് ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത്. രക്തം കട്ടിയാകുന്ന അവസ്ഥയ്ക്ക് മരുന്ന് കഴിക്കുന്നവർ, രക്തസ്രാവ പ്രശ്‌നങ്ങൾ ഉള്ളവർ എന്നിവരും കോവാക്‌സിൻ എടുക്കരുതെന്നാണ് കമ്പനി അറിയിക്കുന്നത്.
അതേസമയം, ഈ രോഗികൾക്ക് വാക്‌സിനേറ്ററുടെ അഭിപ്രായം തേടിയശേഷം വാക്‌സിൻ സ്വീകരിക്കാമെന്നാണ് കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശം. മറ്റ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ ഇരു വാക്‌സിനുകളും എടുക്കരുത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം കാര്യമായ അലർജിയുണ്ടായാൽ രണ്ടാം ഡോസ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വിദേശരാജ്യങ്ങളിൽ വ്യാപകമായി വിതരണം ചെയ്യുന്ന ഫൈസർ വാക്‌സിനും അലർജിയുള്ളവർ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ച ആരിലും ഇതുവരെ ഗുരുതരപാർശ്വഫലമില്ല.
Discussion about this post