തെലങ്കാന: കൊവിഡ് വാക്സിന് സ്വീകരിച്ച 42കാരനായ ആരോഗ്യപ്രവര്ത്തകന് മരിച്ചു. നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്. വാക്സിന് സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാന നിര്‍മല്‍ ജില്ലയിലാണ് ആശങ്ക നിറയ്ക്കുന്ന സംഭവം.
ഇന്നലെ രാവിലെ 11.30നാണ് ഇയാള്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് വാക്സിന് സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ച രണ്ടര മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരണപ്പെട്ടു.
അതേസമയം, മരണത്തിന് കൊവിഡ് വാക്സിന് കുത്തിവെപ്പുമായി ബന്ധമില്ലെന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ, കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊവിഡ് വാക്സിന് സ്വീകരിച്ചതിനു ശേഷം മരണപ്പെട്ട കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശ് മൊറാദബാദ് സ്വദേശിയായ 52കാരന് വാക്സിന് സ്വീകരിച്ച് ഒരു ദിവസത്തിനുള്ളില്‍ മരിച്ചിരുന്നു. കര്‍ണാടക ബെല്ലേരിയിലെ 43കാരനായ ആരോഗ്യപ്രവര്‍ത്തകനും വാക്സിന് സ്വീകരിച്ച് രണ്ടാമത്തെ ദിവസം മരിച്ചിരുന്നു. പിന്നാലെയാണ് സമാനമായ മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post