ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് അയല്‍ രാജ്യങ്ങളായ ഭൂട്ടാനിലും മാലദ്വീപിലും എത്തിച്ചു. മാലദ്വീപിനും ഭൂട്ടാനും പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് കയറ്റി അയയ്ക്കുന്നത്.
ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് നല്‍കിയത്. ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിന് രാവിലെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കയറ്റി അയച്ചു.
അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന് ഇറക്കുമതി ചെയ്യും. അടിയന്തരാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തുതുടങ്ങി. ആദ്യഘട്ടത്തില്‍ രാജ്യത്തെ മൂന്നുകോടിയോളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കാണ് വാക്സിന് ലഭ്യമാകുക.
ദക്ഷിണ കൊറിയ, ഖത്തര്‍, ബെഹ്റിന്‍, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന് വാങ്ങുമെന്നറിയിച്ചിട്ടുണ്ട്.
ചൈനീസ് വാക്സിനുകള്‍ വിതരണത്തിനൊരുങ്ങന്നതിന്റെ പശ്ചാത്തലത്തിലാണ് അയല്രാജ്യങ്ങളിലേക്കുളള വാക്സിന് വിതരണം ഇന്ത്യ വേഗത്തിലാക്കിയത്. കോവിഡ് 19 ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് മഹാമാരിയെ ചൈന കൈകാര്യം ചെയ്ത രീതിക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ചൈനയുടെ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ കാര്യക്ഷമതയും ലോകം കോവിഡിന്റെ ഭീതിയില്‍ കഴിയുന്നതിനിടയില്‍ വെറ്റ് മാര്‍ക്കറ്റുകള്‍ തുറക്കാനുളള ചൈനയുടെ തീരുമാനവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ സ്വന്തമായി വാക്സിന് വികസിപ്പിച്ചെടുത്ത ചൈന അയല്‍രാജ്യങ്ങളിലേക്ക് അവ കയറ്റി അയച്ച് ബന്ധം പുതുക്കാനുമുളള ശ്രമത്തിലാണ്. ജനുവരി ആറിന് ഇതിന്റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ ചര്‍ച്ച ചൈനീസ് അധികൃതര്‍ സംഘടിപ്പിച്ചിരുന്നു. എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഞ്ചുരാജ്യങ്ങള്‍ ഇതില്‍ പങ്കെടുത്തു. മലേഷ്യ, ഫിലിപ്പൈന്‍സ്, ഇന്‍ഡൊനീഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റി അയയ്ക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉല്പാദകര്. കോവിഡ് വാക്സിന് മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ ആദ്യമായി വാക്സിന് ലഭിച്ച രാജ്യമാണ് ഭൂട്ടാന്.
Discussion about this post