ബംഗളൂരു: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകരെ അപമാനിച്ച് കർണാടക കൃഷിമന്ത്രി. മാനസിക പ്രശ്നങ്ങളുള്ള കർഷകരാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണെന്നുമായിരുന്നു കർണാടക കൃഷിമന്ത്രി ബിസി പാട്ടീലിന്റെ പ്രതികരണം. വകുപ്പു മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തി.
മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ”കച്ചവടക്കാരടക്കം എല്ലാവരും ആത്മഹത്യ ചെയ്യുന്നു. സർക്കാറിന്റെ കാർഷിക നയങ്ങൾകൊണ്ട് ആരും ആത്മഹത്യ ചെയ്യുന്നില്ല. മാനസിക പ്രശ്നങ്ങളുള്ളവർ മാത്രമാണ് അത് ചെയ്യുന്നത്.നിങ്ങൾ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽ പോയി ആശ്വസിപ്പിച്ചതുകൊണ്ട് ആത്മഹത്യ നിലക്കില്ല. തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കർഷകർ തയാറാവണം.”-മന്ത്രി പറഞ്ഞു.
ഡൽഹിയിലേക്കുള്ള മൂന്ന് പ്രധാനപാതകൾ അടച്ചുള്ള കർഷക സമരം രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. കാർഷിക നിയമങ്ങൾക്ക് എതിരെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.
ശരദ്പവാർ കൃഷിമന്ത്രിയായിരുന്നപ്പോൾ ഇതേ ആളുകളാണ് താങ്ങുവിലക്കും എപിഎംസി സംവിധാനത്തിനുമെതിരെ സമരം നടത്തിയത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിൽ 493 കോടിയാണ് പ്രധാനമന്ത്രി അനുവദിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post