‘എല്ലാരും വാങ്കേ…..’, ‘മംഗളകരമാ… മഞ്ചളിലെ ആരംഭിക്കിറേ’ തുടങ്ങിയ തമിഴ് വാക്കുകളൊക്കെ ഈണത്തിൽ പറയാൻ ഇപ്പോൾ ലോകം തന്നെ പഠിച്ചു തുടങ്ങിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, തമിഴ്‌നാട്ടിലെ കുഞ്ഞുഗ്രാമത്തിലെ പാചകവും ഗ്രാമീണ ഭംഗിയും യൂട്യൂബിലൂടെ ലോകമെമ്പാടും പ്രചരിച്ചത് തന്നെ. തമിഴ്‌നാട് പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്നു യൂട്യൂബ് ഉപഭോക്താക്കൾക്ക് ചിരപരിചിതമാണ്. ഒരു ക്ലിക്കിലൂടെ മുന്നിൽ വന്നുചിരിച്ച് തമിഴ് മാത്രം സംസാരിക്കുന്ന, അതും വെറും ചുരുങ്ങിയ വാക്കുകൾ മാത്രം പറയുന്ന ഈ ആറംഗ സംഘം സകലർക്കും സുപരിചിതരായത് ഭക്ഷണ കല കൊണ്ട് മാത്രമല്ല, ആ ഗ്രാമത്തിന്റെ ഭംഗിയും നിഷ്‌കളങ്കതയും കൊണ്ടും കൂടിയാണ്.
‘വില്ലേജ് കുക്കിങ് ചാനൽ’ എന്ന യൂട്യൂബ് ചാനലിന്റെ മുഖമുദ്ര എന്ന് പറയുന്നത് തന്നെ നിറഞ്ഞു ചിരിക്കുന്ന ഈ ആറംഗങ്ങളാണ്. മുത്തച്ഛനംു പേരക്കിടാങ്ങളുമാണ് ഈ ആറുപേർ. വി സുബ്രഹ്മണ്യൻ, വി മുരുകേശൻ, വി അയ്യനാർ, ജി തമിഴ്‌സെൽവൻ, ടി മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങൾക്കൊപ്പം പാചകത്തിൽ അസാധാരണ പാടവുമുള്ള മുത്തച്ഛൻ എം പെരിയതമ്പിയും ചേർന്നാണ് മനോഹരമായ പാചക വിഡിയോകൾ നിർമ്മിക്കുന്നത്.
തന്റെ യൗവ്വനകാലം തൊട്ട് ചിന്നവീരമംലത്തെ പേരു കേട്ട പാചകക്കാരനാണ് പെരിയതമ്പി. അദ്ദേഹത്തിന്റെ കൊച്ചുമകനായ കൊമേഴ്‌സിൽ എംഫിൽ നേടിയ സുബ്രഹ്മണ്യന്റെ മനസ്സിലാണ് ഇ-പാചകവീഡിയോ എന്ന ആശയം ഉദിച്ചത്. നാട്ടിൽ ചെറിയ ജോലികൾ ചെയ്തു വരികയായിരുന്ന തന്റെ കസിൻസിനോട് ഇക്കാര്യം പങ്കുവെച്ചതോടെയാണ് കാര്യങ്ങൾ ശടപടേ എന്ന് മുന്നോട്ട് നീങ്ങിയത്.
പണം കണ്ടെത്തി വിദേശത്തു പോകണമെന്നു സ്വപ്നം കണ്ടിരുന്ന സഹോദരങ്ങൾ സുബ്രമണ്യനോടൊപ്പം പരീക്ഷണത്തിന്റെ കൂടെ ചേർന്നു. ഒപ്പം താത്തയുടെ (മുത്തച്ഛൻ) കൈപ്പുണ്യവും അനുഭവ സമ്പത്തും കൂടിയായതോടെ പാചക വീഡിയോകൾ വേറെ ലെവലായി.
തദ്ദേശീയമായ സ്വന്തം വിഭവങ്ങൾ ലോകത്തിനു മുന്നിലെത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതുവരെ ഉണ്ടായിരുന്ന പാചക വീഡിയോകളിൽ നിന്നും വിഭിന്നമായി ഇവരുടെ വില്ലേജ് കുക്കിങ് നാല് ചുമരുകൾക്കുള്ളിൽ നിന്നും പുറത്തേക്കിറങ്ങി. പാചകം മാത്രമല്ല, ക്യാമറ പകർത്തിയത് ഗ്രാമത്തിന്റെ ഭംഗിയും ആ നാട്ടിലെ കൃഷിയിടങ്ങളുമായിരുന്നു. വയലോരത്തും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളിലും കല്ലുകൊണ്ട് അടുപ്പു കൂട്ടിയാണ് പാചകം. കടയിൽനിന്നു വാങ്ങിക്കുന്ന മസാലക്കൂട്ടുകളോ എണ്ണയോ ഒന്നും പാചകത്തിന് ഉപയോഗിക്കാറില്ല. അമ്മിയിൽ കൈകൊണ്ട് അരച്ചെടുക്കാറാണ് പതിവ്. ചക്കിലാട്ടിയ നാടൻ എണ്ണയിലുള്ള പാചകവും ഈ വീഡിയോയുടെ മാത്രം പ്രത്യേകതയാണ്.
പെരിയതമ്പി നാട്ടിൽ വിശേഷങ്ങൾക്കൊക്കെ പാചകം ചെയ്ത് ശീലിച്ചതുകൊണ്ടു തന്നെ ഓരോ തവണയും നൂറിൽ കുറവ് ആളുകൾക്കു ഭക്ഷണമുണ്ടാക്കി ശീലമില്ല. അതുകൊണ്ടുതന്നെ വലിയ പാത്രങ്ങളിലാണു പാചകം. എന്തുണ്ടാക്കിയാലും ആറുപേരും ഒന്നിച്ചിരുന്നു രുചിച്ചു നോക്കുകയും അഭിപ്രായം പറയുകയും ചെയ്യും. അതാണ് വീഡിയോയുടെ ഹൈലൈറ്റ്. ഇത്രയേറെ ഭക്ഷണം പാചകം ചെയ്യുന്നതിനാൽ തന്നെ ഷൂട്ടിനു ശേഷം ഭക്ഷണം നാട്ടിലെ കുട്ടികൾക്കും അനാഥാലയങ്ങളിലേക്കുമെത്തിക്കും.
കഷ്ടപ്പെട്ടുണ്ടാക്കുന്ന വീഡിയോകൾക്ക് തക്കതായ പ്രതിഫലവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഒരു മാസം പത്തു ലക്ഷത്തിലധികം രൂപയാണ് യൂട്യൂബിൽ നിന്നു വരുമാനമായി ലഭിക്കുന്നത്. ഫേസ്ബുക്കിൽ നിന്നുള്ളതു വെറെയും. രണ്ടു മുതൽ മൂന്നു ലക്ഷം വരെ രൂപയാണ് ഒരു മാസം പാചകത്തിനും ഷൂട്ടിങ്ങിനുമായി ചെലവഴിക്കേണ്ടി വരുന്നത്. ബാക്കി വരുന്ന തുക കൃത്യമായി പങ്കിട്ടെടുക്കും.
വില്ലേജ് കുക്കിങ് ചാനലിനെ അനുകരിച്ചു വിവിധ ഭാഷകളിൽ പലരും വീഡിയോകൾ ചെയ്‌തെങ്കിലും പെരിയതമ്പിയുടേയും മക്കളുടേയും തട്ട് താണുതന്നെയിരിക്കും. ഇതിനെ വെല്ലാൻ ഒരു അനുകരണ ചാനലിനും സാധിച്ചിട്ടില്ല. ലോക്ക്ഡൗണിനു മുൻപ് ഒരാഴ്ച രണ്ടും മൂന്നും വീഡിയോ ചെയ്തിരുന്ന പെരിയതമ്പിയും കൊച്ചുമക്കളും കോവിഡ് വന്നതോടെ ആഴ്ചയിൽ ഒരു വീഡിയോ മാത്രമായി കുറച്ചതാണ് ഏകമാറ്റം.