ന്യൂഡല്‍ഹി: ഇനി മുതല്‍ എംപിമാര്‍ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണത്തിന് കൂടുതല്‍ ചെലവാക്കേണ്ടിവരും. നിലവില്‍ പാര്‍ലമെന്റ് കാന്റീനിനുള്ള സബ്സിഡി നിര്‍ത്തലാക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിച്ചിരിക്കുകയാണ്.
അതേസമയം, സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലോക്സഭാ സ്പീക്കര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പുതിയ നീക്കത്തിലൂടെ ലോക്സഭാ സെക്രട്ടേറിയറ്റിന് പ്രതിവര്‍ഷം എട്ടു കോടി രൂപയിലേറെ ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
നോര്‍ത്തേണ്‍ റെയില്‍വെ 1968 മുതല്‍ നടത്തിവന്ന കാന്റീന് അടുത്തിടെ ഇന്ത്യന്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷ (ഐടിഡിസി) ന് കൈമാറിയിരുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതിനിടെയാണ് കാന്റീനിന്റെ സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യം സ്പീക്കര്‍ പറഞ്ഞത്.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി എല്ലാ പാര്‍ലമെന്റ് അംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ആയിരിക്കും രാജ്യസഭ ചേരുക. ലോക്സഭ വൈകീട്ട് നാലു മുതല്‍ രാത്രി എട്ടുവരെ സമ്മേളിക്കും. ഒരു മണിക്കൂര്‍ ആയിരിക്കും ചോദ്യോത്തര വേള.
എംപിമാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിനുള്ള സംവിധാനം സ്വന്തം വസതിക്ക് സമീപം ഏര്‍പ്പെടുത്തും. പാര്‍ലമെന്റ് പരിസരത്ത് ജനുവരി 27, 28 തീയതികളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കും. എം.പിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post