ന്യൂഡൽഹി: റിപബ്ലിക് ടിവി സ്ഥാപകൻ അർണബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നത് വലിയ വിവാദമാകുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പുറത്തെത്തിയ ചാറ്റ് വെളിപ്പെടുത്തുന്നത്. സംഭവത്തിൽ കേന്ദ്രത്തിനും അർണബിനും എതിരായി രൂക്ഷപ്രതികരണവുമായി ശശി തരൂർ എംപി രംഗത്തെത്തി.
40 സൈനികരുടെ മരണം പോലും ആഘോഷമാക്കിയ അർണബ് ഗോസ്വാമിക്കും സംഘത്തിനും എതിരായി അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായേക്കില്ല. പക്ഷെ, രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ പൊതുതാൽപര്യ ഹർജിയുമായി സുപ്രീംകോടതി വരെ പോകേണ്ടി വരുമോ എന്നാണ് ശശി തരൂർ പങ്കുവെയ്ക്കുന്ന ആശങ്ക. ഇപ്പോൾ പുറത്തെത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളിലെ അപലപനീയമായ കാര്യങ്ങൾ എടുത്തു പറഞ്ഞാണ് തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്‌സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മൾ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.
ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?
Discussion about this post