ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മേഘാലയാ ഹൈകോടതി.
താമസ രേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിധി പറയവേ ആണ് വിവാദ പരാമര്‍ശങ്ങളുമായി ഹൈകോടതി രംഗത്ത് വന്നിരിക്കുന്നത്. മേഘാലയ ഹൈകോടതി ജസ്റ്റിസ് എസ്.ആര് സെന്‍ ആണ് വിവാദ വിധി പുറപ്പെടുവിച്ചത്.
പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ വിശ്വാസികളെയും ഗാരോ, ഖാസി വിഭാഗക്കാരെയും രാജ്യത്തെ പൗരന്മാരാക്കാന് വേണ്ട നിയമനിര്‍മാണം സര്‍ക്കാര്‍ ചെയ്യണം. മോദിയുടെ കീഴിലുള്ള ഗവണ്മെന്റിന് മാത്രമേ ഇന്ത്യയുടെ ഉള്ളറിയാന്‍ സാധിക്കുകയുള്ളു.
ദേശിയ താല്‍പ്പര്യത്തിനായി ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈകോടതി പറഞ്ഞു. തന്റെ ഈ വിധിയുടെ പകര്‍പ്പ് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, നിയമ മന്ത്രി എന്നിവര്‍ക്ക് എത്തിച്ച് കൊടുക്കണമെന്നും, വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കണമെന്നും ജസ്റ്റിസ് സെന്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.
ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തില്‍ ആയതിനാല്‍, ഇന്ത്യ യഥാര്തത്തില് ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതൊരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമായിരുന്നു. എന്നാല്‍ ഇന്ത്യ മതേതര രാജ്യമായി നിലനില്ക്കുകയാണുണ്ടായതെന്നും സെന്‍ പറഞ്ഞു.
പാകിസ്ഥാന്, ബംഗ്ലാദേശ് രാജ്യങ്ങളിലേ ന്യൂനപക്ഷങ്ങള്‍ ഇന്നും കടുത്ത വിവേചനത്തിലാണ്. വിഭജനാന്തരം ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കളെ ഇന്നും വിദേശികളായാണ് പരിഗണിച്ച് പോരുന്നത്. ഇത് തീര്‍ത്തും യുക്തിരഹിതവും, നിയമവിരുദ്ധവുമാണെന്നും ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. അത് രാജ്യത്തെ വലിയ കുഴപ്പത്തില്‍ കൊണ്ടു ചെന്നെത്തിക്കും. മോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാന്‍ കഴിയുകയുള്ളു. ദേശീയ താല്‍പ്പര്യത്തിനായി എല്ലാവരും രാജ്യത്തിനൊപ്പം ഒരുമിച്ച് നില്‍ക്കണമെന്നും ജസ്റ്റിസ് എസ്.ആര് സെന്‍ ആവശ്യപ്പെട്ടു.
Discussion about this post