കടലൂർ: ഭക്ഷണമെത്തിച്ച് നൽകാൻ അൽപ്പം വൈകിയതിന് പരിപാലകനായ ജോലിക്കാരനെ കടിച്ച് കൊന്ന് നായ്ക്കൾ. തമിഴ്‌നാട്ടിലെ കടലൂരിന് സമീപമുള്ള ചിദംബരത്താണ് നാടിനെ നടുക്കിയ സംഭവം. വല്ലംപാടുഗൈ സ്വദേശിയായ ജീവാനന്ദമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഭക്ഷണം നൽകാൻ വൈകിയതോടെയാണ് വളർത്തുനായ്ക്കളായ റോട്ട് വീലർ നായ്ക്കൾ അൻപത്തിയെട്ടുകാരനായ ജോലിക്കാരനെ കടിച്ച് കൊന്നത്.
കോൺഗ്രസ് നേതാവായ എൻ വിജയസുന്ദരത്തിന്റെ പത്ത് ഏക്കറോളം വരുന്ന ഫാമിലെ തൊഴിലാളിയായിരുന്നു ജീവാനന്ദം. 2013മുതൽ ഈ ഫാമിലെ ജീവനക്കാരനാണ് ഇയാൾ. ഇതിനിടയ്ക്ക് മൂന്നുവർഷങ്ങൾക്ക് മുമ്പാണ് ഫാമിലെ കാവൽ ശക്തമാക്കാൻ വേണ്ടി വിജയസുന്ദരം രണ്ട് റോട്ട് വീലർ നായകളെ വാങ്ങിയത്. തോട്ടത്തോടൊപ്പം നായ്ക്കളേയും പരിപാലിച്ചിരുന്നത് ജീവാനന്ദമായിരുന്നു.
രാവിലെ തോട്ടത്തിൽ എത്തിയാലുടൻ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതായിരുന്നു ജീവാനന്ദത്തിന്റെ രീതി. എന്നാൽ തിരക്കിൽപ്പെട്ടതിനാൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജീവാനന്ദം നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയത്. ഭക്ഷണം ലഭിക്കാതെ വിശന്നിരുന്ന നായ്ക്കൾ ഇയാളെ കണ്ടയുടനെ ആക്രമിക്കാന്തെതുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ജീവാനന്ദം ശ്രമിച്ചെങ്കിലും നായ്ക്കളുടെ തലയ്ക്കുള്ള കടിയേറ്റ് ഇയാൾ വീഴുകയായിരുന്നു. ജീവാനന്ദത്തിന്റെ മുഖം മുഴുവൻ കടിച്ച് വികൃതമാക്കിയ നായ്ക്കൾ ചെവികൾ കടിച്ചെടുത്തു.
തോട്ടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് വിജയസുന്ദരത്തേ വിവരം അറിയിച്ചത്. വിജയസുന്ദരവും ഭാര്യയുമെത്തിയാണ് നായകളെ നിയന്ത്രിച്ചത്. ജീവാനന്ദത്തിന്റെ മരണത്തിന് പിന്നാലെ ഭാര്യ കവിത പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഫാമിലെത്തിയ പോലീസുകാരാണ് ജീവാനന്ദത്തിന്റെ മൃതദേഹം നീക്കിയത്. ദുരൂഹ മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്രതീക്ഷിതമായ പെരുമാറ്റത്തിന്റെ പേരിൽ സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, പോർച്ചുഗൽ, റുമേനിയ, ഉക്രൈൻ, റഷ്യ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളിൽ വളർത്തുന്നതിന് നിരോധനമുള്ള ഇനം നായ്ക്കളാണ് റോട്ട് വീലർ. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലും റോട്ട് വീലർ നായകളെ വളർത്തുന്നതിന് നിരോധനമുണ്ട്.