ഡല്‍ഹി: 46.6 ദശലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ പ്രായത്തിനാവശ്യമായ വളര്‍ച്ച കൈവരിക്കാത്തവരാണെന്ന് 2018ലെ അന്താഷ്ട്ര ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ആഗോളതലത്തില്‍ വളര്‍ച്ചക്കുറവുള്ള മൂന്നിലൊന്ന് കുട്ടികളും ഇന്ത്യയിലാണ്. നൈജീരിയയില്‍ 13.9 ദശലക്ഷവും പാകിസ്ഥാനില്‍ 10.7 ദശലക്ഷം കുട്ടികള്‍ക്കുമാണ് വളര്ച്ചാക്കുറവുള്ളത്.
ദീര്‍ഘകാലം പോഷകാഹാരം ലഭിക്കാത്തതും, രോഗപ്രതിരോധ ശേഷിയിലുള്ള കുറവുമാണ് ഇതിനുള്ള കാരണം. ഉത്തര്‍പ്രദേശ്, ബിഹാര്‍, മദ്ധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളിലാണ് വളര്‍ച്ചാക്കുറവ് കൂടുതലായി കണ്ടുവരുന്നതെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ടു ചെയ്തു.
നീളത്തിനനുസൃതമായ തൂക്കം ഇല്ലാത്ത കുട്ടികളും കൂടുതലുള്ളത് ഇന്ത്യയിലാണ്. 25.5 ദശലക്ഷം കുട്ടികളാണ് ഇത്തരത്തില്‍ രാജ്യത്തുള്ളത്. മതിയായ അളവില്‍ ഭക്ഷണം ലഭിക്കാത്തതും, അസുഖവുമാണ് ഇതിനുള്ള കാരണം.
5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കിനുള്ള പ്രധാന കാരണമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയില്‍ ഇത്തരത്തില്‍ 3.4 ദശലക്ഷം കുട്ടികളും ഇന്തോനേഷ്യയില്‍ 3.3 ദശലക്ഷം കുട്ടികളുമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
വളര്‍ച്ചാക്കുറവും, പ്രായത്തിനനുസരിച്ചുള്ള തൂക്കക്കുറവും ആണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നത്. അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈന, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക, ബ്രസീല്‍, പാകിസ്ഥാന് എന്നീ രാജ്യങ്ങളാണ് അമിതവണ്ണമുള്ള കുട്ടികള്‍ കൂടുതലുള്ള മറ്റു രാജ്യങ്ങള്‍.
Discussion about this post