ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് യജ്ഞം പുരോഗമിക്കുമ്പോള്‍ കൊവാക്സിന് സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. കൊവാക്സിനു പകരം കൊവിഷീല്‍ഡ് നല്‍കണം എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ത്തന്നെ കൊവാക്സിന്റെ ഫലപ്രാപ്തിയില്‍ സംശയമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
നിലവില്‍ ഡല്‍ഹിയിലെ ആറ് കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളില്‍ കൊവാക്സിന് മാത്രമാണ് പരീക്ഷിക്കുന്നത് – എയിംസ്, സഫ്ദര്‍ജംഗ്, റാം മനോഹര്‍ ലോഹ്യ, കലാവതി സരണ്‍ (കുട്ടികളുടെ ആശുപത്രി), ബസായ്ദരാപൂരിലെയും രോഹിണിയിലെയും ഇഎസ്ഐ ആശുപത്രികള്‍ എന്നിവ. ബാക്കി ഡല്‍ഹിയിലെ 75 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൊവിഷീല്‍ഡ് വാക്സീനുകളാണ് പരീക്ഷിക്കുന്നത്.
രാജ്യവ്യാപകമായി വാക്സീന് വിതരണയജ്ഞത്തിന്റെ ആദ്യദിനത്തില്‍ തന്നെ കൊവാക്സിനെതിരായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ നിലപാടെടുത്തത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകും.
അതേസമയം, കൊവാക്സിന് സ്വീകരിച്ച് എന്തെങ്കിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ചികിത്സകളുള്‍പ്പടെ എല്ലാ ഉത്തരവാദിത്തങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് നേരത്തേ തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വാക്സീന് സ്വീകരിക്കുന്നവരെല്ലാം ഇത്തരത്തില്‍ ഒരു സമ്മതപത്രം ഒപ്പിട്ടുനല്‍കുകയും ചെയ്യുന്നുണ്ട്. പൊതുആരോഗ്യതാത്പര്യാര്‍ത്ഥം ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ള ഒരു വാക്സീന് വ്യാപകമായി ഉപയോഗിക്കുകയാണെന്നും, ക്ലിനിക്കല്‍ ശേഷി ഇനിയും തെളിയിക്കപ്പെടാത്ത വാക്സീന് ഇപ്പോഴും മൂന്നാം പരീക്ഷണഘട്ടത്തില്‍ (മനുഷ്യപരീക്ഷണഘട്ടത്തില്‍) ആണെന്നുമാണ് ആ സമ്മതപത്രത്തില്‍ ഉള്ളത്.
Discussion about this post