ബംഗളൂരു: ജീവിതത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി വിശ്രമദിവസങ്ങൾക്കായി വിനോദയാത്രയ്ക്ക് പുറപ്പെട്ട കൂട്ടുകാരികളുടെ സംഘത്തെ കാത്തിരുന്നത് മഹാദുരന്തം. ഒന്നാം ക്ലാസ് തൊട്ട് ഒരുമിച്ച് പഠിച്ചവരും അടുത്ത കൂട്ടുകാരികളുമായിരുന്ന 16 പേരുടെ യാത്ര അന്ത്യയാത്രയാവുകയായിരുന്നു. വിനോദയാത്രാ സംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരണപ്പെടുകയായിരുന്നു. അപകടത്തിൽ 5 പേർക്കു ഗുരുതര പരുക്കേറ്റു.
ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്‌കൂളിലെ 16 പൂർവ വിദ്യാർത്ഥിനികളാണു ഗോവയിലേക്ക് യാത്ര പുറപ്പെട്ടത്. യാത്ര പാതിയിൽ വെച്ച് അപകടത്തിൽ കലാശിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരെല്ലാം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. മരിച്ചവരിൽ 4 പേർ ഡോക്ടർമാരാണ്. പ്രശസ്ത ഗൈനക്കോളജിസ്റ്റായ വീണ പ്രകാശും മരിച്ചവരിൽ ഉൾപ്പെടുന്നു. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്. ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ.
കർണാടക ബിജെപി മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡയുടെ മരുമകൾ പ്രീതി രവികുമാറും മരിച്ചവരിൽ ഉൾപ്പെടുന്നു. ഹുബ്ബള്ളി ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബംഗളൂരു-പൂണെ ദേശീയ പാത 48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങൾ പതിവാണെന്ന് പോലീസും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു.