ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങള്‍ക്ക് സമഗ്രമായ മാര്‍ഗരേഖ അയച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കാന്‍ പാടുള്ളൂവെന്നും ചിലരില്‍ ദോഷഫലമുണ്ടാക്കിയേക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. അത്തരക്കാരെ മാറ്റി നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് ജനുവരി 16ന് വിതരണം ചെയ്തു തുടങ്ങുക. വാക്സിന്റെ പ്രത്യേകതകള്‍, ഡോസേജ്, ശീതീകരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ദോഷഫലങ്ങളും ഇമ്യുണൈസേഷനു പിന്നാലെയുണ്ടാകാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ് സമഗ്ര മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാക്സിനേഷനുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെട്ട രേഖ എല്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കും ശീതീകരണ ശൃംഖല കൈകാര്യം ചെയ്യുന്നവര്‍ക്കും വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നവര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മാര്‍ഗ രേഖയിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ;
18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുക. വാക്സിന്റെ ആദ്യ ഡോസ് നല്‍കി 14 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നല്‍കാവൂ. ഏത് വാക്സിന്റെ ഡോസ് ആണോ ആദ്യം നല്‍കിയത്, ആ വാക്സിന്‍ മാത്രമേ രണ്ടാമത്തെ ഡോസ് ആയും നല്‍കാവൂ.
ദോഷഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളവരുടെ പട്ടിക ഇങ്ങനെ;
ഗുരുതരമായ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവരില്‍ വാക്സിന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗര്‍ഭിണികളും മുലയൂട്ടൂന്ന അമ്മമാരും ഇതുവരെ കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തിട്ടില്ല. അതിനാലാലാണ് ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ കോവിഡ് വാക്സിന്‍ ഈ ഘട്ടത്തില്‍ സ്വീകരിക്കാന്‍ പാടില്ലാത്തതെന്ന് കേന്ദ്രം അറിയിക്കുന്നു.
താത്കാലികമായ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നവര്‍ ഇവര്‍;
ഇവര്‍ക്ക് അസ്വസ്ഥതകള്‍ പൂര്‍ണമായും മാറിയ ശേഷം നാലു മുതല്‍ എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നല്‍കാവൂ. ജനിതക വ്യതിയാനം വന്ന കൊവിഡ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍, ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുള്ളവരും സാര്‍സ്-കോവ്-2 മോണോക്ലോണല്‍ ആന്റിബോഡികളോ കോവാലസെന്റ് പ്ലാസ്മയോ നല്‍കിയവര്‍, ഏതെങ്കിലും രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍.
Discussion about this post