ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയുടെ അഞ്ച് അതിർത്തികൾ സ്തംഭിപ്പിച്ചുള്ള കർഷകരുടെ പ്രക്ഷോഭം വ്യാഴാഴ്ച അമ്പതുദിവസം പിന്നിട്ടു. കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകരെ പരിഗണിച്ച് നിയമങ്ങൾ നടപ്പാക്കുന്നതു മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസർക്കാർ നിർണായക ചർച്ച നടത്തും. കർഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.
ഇതിനിടെ, ഇത്രയേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും സമരവീര്യത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും മറ്റും ഡൽഹിക്കു തിരിച്ചിരിക്കുകയാണ്.
ഇതിനിടെ ഇന്ന് നടക്കുന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിന് വലിയ പ്രതീക്ഷയാണുള്ളത്. വെള്ളിയാഴ്ച ഫലപ്രദമായ ചർച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മാധ്യമങ്ങളോടു പ്രതികരിച്ചു. കർഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചർച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷകനേതാക്കളും അറിയിച്ചിട്ടുണ്ട്. നിയമങ്ങൾ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്ചയായി കർഷകർ ഉന്നയിച്ചേക്കും. വിധിയുടെ അടിസ്ഥാനത്തിൽ നിയമങ്ങൾ റദ്ദാക്കാനും ആവശ്യപ്പെടും. നിലവിലെ നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്കു മുമ്പാകെ ഹാജരാവില്ലെന്നും ഇപ്പോഴുള്ളവ റദ്ദാക്കിയാൽ പുതിയ നിയമങ്ങൾ രൂപവത്കരിക്കാനുള്ള സമിതിയോട് സഹകരിക്കാമെന്നുംമാണ് കർഷകർ പറയുന്നത്.
Discussion about this post