ന്യൂഡൽഹി: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കും എന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികൾ തന്നെ നൽകണമെന്നും നഷ്ടപരിഹാരം നൽകുന്നതിൽ പങ്കാളിയാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വാക്സിനുകൾ സ്വീകരിക്കുന്നവരിൽ പാർശ്വഫലം ഉണ്ടായാൽ കേന്ദ്രസർക്കാരും ഉത്തരവാദിത്വം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യം ഇതോടെ കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. കൊവിഡ് വാക്സിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ ഒരു വാക്സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കൊവാക്സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്സിൻ തന്നെ കുത്തിവെക്കണം.
രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്സിൻ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതൽ വിതരണം ചെയ്യും. ശീതികരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. മറ്റന്നാൾ മുതലാണ് കുത്തിവയ്പ്പ്. ശീതീകരണ സംവിധാനം പൂർണ സജ്ജമായിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഷീൽഡ് വാക്സീൻ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാക്സിൻ കൂടുതൽ കിട്ടുന്ന മുറയ്ക്ക് ഓരോ ജില്ലയിലും നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കും.
ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. കേരളത്തിലേക്കാവശ്യമായ അടുത്ത ഘട്ടം വാക്സീൻ ഫെബ്രുവരി ആദ്യ ആഴ്ചയോടെ എത്തിക്കും.
Discussion about this post