മന്ത്രിക്കെതിരെ ബലാത്സംഗ പരാതി നൽകി യുവതി; അവരുടെ സഹോദരിയുമായി വിവാഹേതര ബന്ധമുണ്ട്, ബന്ധത്തിൽ രണ്ട് മക്കളുണ്ടെന്നും മന്ത്രി; വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി വീണ്ടും ആരോപണങ്ങൾ. സാമൂഹികനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരേ ബലാത്സംഗ ആരോപണവുമായി മുംബൈയിലെ ഗായിക രംഗത്തെത്തിയതാണ് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. 2006 മുതൽ പലതവണ മന്ത്രി തന്നെ ബലാത്സംഗം ചെയ്തതായാണ് ഗായികയുടെ ആരോപണം.

എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് മന്ത്രി യുവതിയുടെ പരാതി നിഷേധിച്ചു. എന്നാൽ യുവതിയുടെ സഹോദരിയുമായി 2003 മുതൽ തനിക്ക് ബന്ധമുണ്ടെന്നും ഈ ബന്ധത്തിൽ രണ്ടുകുട്ടികളുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ആരോപണമുന്നയിച്ച യുവതിയുടെ സഹോദരിയുമായി 2003 മുതൽ ബന്ധമുണ്ട്. ഈ ബന്ധത്തിലുണ്ടായ കുട്ടികൾക്ക് എന്റെ പേരാണ് നൽകിയിട്ടുള്ളത്. കുട്ടികളുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തിട്ടുണ്ട്. അവർ എനിക്കൊപ്പമാണ് താമസിക്കുന്നത്. എന്റെ കുടുംബാംഗങ്ങൾക്ക് ഈ ബന്ധത്തെ കുറിച്ചറിയാം. എന്റെ ഭാര്യ ഈ കുട്ടികളെ കുടുംബാംഗങ്ങളായി അംഗീകരിച്ചുകഴിഞ്ഞു. മുംബൈയിൽ അവർക്ക് ഒരു ഫ്‌ളാറ്റ് വാങ്ങാനും അവരുടെ സഹോദരന് ബിസിനസ് ആരംഭിക്കാനുമുളള സഹായം ഞാൻ നൽകിയിട്ടുണ്ട്- എന്നായിരുന്നു മുണ്ഡെയുടെ പ്രതികരണം.

എന്നാൽ മന്ത്രിയുടെ വിവാഹേതര ബന്ധം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുകയാണ്. ഭാര്യമാരേയും കുട്ടികളെയും സ്വത്തുക്കളെയും കുറിച്ച് വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സൊമയ്യ തെരഞ്ഞെടുപ്പ് കമ്മിഷനിൽ മുണ്ഡെയ്‌ക്കെതിരേ പരാതി നൽകി. സത്യം പുറത്തുവരണമെന്നാവശ്യപ്പെട്ട് മുൻമുഖ്യമന്ത്രിയും ബിജെപി.നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version