പ്രതിഷേധങ്ങളില്‍ തിളച്ചുമറിഞ്ഞ് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി നല്കിയ മേല്‍കൈയ്യുമായാണ് പ്രതിപക്ഷം എത്തിയത്. ശബരിമല മുതല്‍ റഫാല്‍ ഇടപാടുവരെ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമം നടന്നു. ബഹളങ്ങളില്‍ മുങ്ങി ലോക്സഭ ഇന്നത്തേയ്ക്കും രാജ്യസഭ രണ്ടുമണിവരെയും പിരിഞ്ഞു.
ശൈത്യകാലസമ്മേളനത്തിന്റെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഉറച്ചാണ് പ്രതിപക്ഷ നീക്കം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ ക്ഷീണം പ്രതിപക്ഷ നിരയ്ക്ക് കരുത്തുപകര്‍ന്നു. റഫാല്‍ ഇടപാടിലെ അഴിമതി ഉന്നയിച്ച് കോണ്‍ഗ്രസും ആര്‍ബിഐ ഗവര്‍ണറുടെ രാജിയിലേയ്ക്ക് വഴിവെച്ച വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിലുണ്ടായ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന് ലോക്സഭയില്‍ നോട്ടീസ് നല്കി. പ്രളയദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടാന്‍ ബിനോയ് വിശ്വവും കെ കെ രാഗേഷും ശ്രമിച്ചു.
അടിയന്തരപ്രമേയങ്ങള്‍ ഇരുസഭകളിലും അനുവദിച്ചില്ല. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ആന്ധ്രപ്രദേശിന്റെ പ്രത്യക സംസ്ഥാന പദവി ആവശ്യം മുന്നോട്ടുവെച്ച് ടിഡിപി ഇത്തവണയും പ്രതിഷേധരംഗത്തുണ്ട്.
റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സാധ്യമാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി ശിവസേനയും രംഗത്തുവന്നു.
ബഹളങ്ങള്‍ക്കിടെ ഡാം സുരക്ഷാ ബില്‍ അവതരിപ്പിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അധികാരത്തില്‍ കൈകടത്തുന്ന വ്യവസ്ഥകള്‍ ബില്ലിലുണ്ടെന്ന് ആരോപിച്ച് ബിജുജനതാദള്‍ എം.പി ഭര്‍തൃഹരി മെഹ്താബ് അവതരണം എതിര്‍ക്കാന്‍ ശ്രമിച്ചു. ബല്ലാരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിഎസ് ഉഗ്രപ്പയും മാണ്ഡ്യയില്‍ നിന്ന് ജയിച്ച ശിവരാമഗൗഡയും സത്യപ്രതിജ്ഞചെയ്തു.
Discussion about this post