ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജ മദ്യ ദുരന്തം. മദ്യം കഴിച്ച് 10ഓളം പേരാണ് മരണപ്പെട്ടത്. പത്തിലധികം ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൊറേന ജില്ലയിലെ മന്‍പുര്‍ പൃഥ്വി, പഹവാലി എന്നീ ഗ്രാമങ്ങളിലാണ് വ്യാജ മദ്യ ദുരന്തമുണ്ടായിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ അവസ്ഥ ഗുരതരമെന്നാണ് ലഭിക്കുന്ന വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
മൊറേനയിലെയും സമീപ ജില്ലയായ ഗ്വാളിയോറിലെയും ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇരുഗ്രാമങ്ങളില്‍നിന്നുമായി ഇതുവരെ പത്തുപേര്‍ മരിച്ചതായി ചമ്പല്‍ റേഞ്ച് ഐജി മനോജ് ശര്‍മ അറിയിക്കുന്നു. പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാകാനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷമേ യഥാര്‍ഥകാരണം പറയാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. 23നും 55നും ഇടയില്‍ പ്രായമുള്ളവരാണ് മദ്യം കഴിച്ച് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ സഹോദരന്മാരാണ്. രണ്ടുദിവസം മുന്‍പ് മന്‍പുര്‍ പൃഥ്വി ഗ്രാമത്തില്‍ തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുറച്ചുപേര്‍ അസുഖബാധിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.