പട്‌ന: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനത്തില്‍ സഞ്ചരിച്ച് മോഷണം പതിവാക്കിയ സംഘം അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്നാണ് സംഘം അറസ്റ്റിലായത്. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാനും (30) സംഘവുമാണ് അറസ്റ്റിലായത്. ഡല്‍ഹി, പഞ്ചാബ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളാണ് ഇര്‍ഫാനും കൂട്ടാളികളും.
മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാടജീവിതത്തിന് പുറമെ, ചാരിറ്റിപ്രവര്‍ത്തനങ്ങളുമാണ് സംഘം നടത്തി വന്നിരുന്നത്. ബിഹാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തി മരുന്നുകളും പണവും നല്‍കിയാണ് ഇര്‍ഫാന്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നത്. പാവങ്ങളുടെ മിശിഹാ എന്നാണ് ഇയാള്‍ ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സമ്പന്നര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകള്‍ നോക്കി വച്ചാണ് സംഘം മോഷണം പതിവാക്കിയിരുന്നത്.
മോഷണം നടത്തി ലഭിച്ച പണം കൊണ്ട് മൂന്നു ആഡംബര കാറുകളും ഇര്‍ഫാന്‍ അടുത്തിടെ വാങ്ങിയിരുന്നു. തനിക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മോഷണം നടത്താന്‍ നിരവധി സഹായികളുണ്ടെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഈ സഹായികളാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചും മോഷണസാധ്യതകളെക്കുറിച്ചും തനിക്ക് വിവരങ്ങള്‍ നല്‍കുന്നതെന്നും ഇവര്‍ സമ്മതിക്കുന്നു.