ന്യൂഡല്‍ഹി: വിജയം കൈപ്പത്തിക്കെങ്കിലും അടുത്ത ചോദ്യം ഇനി ആരാകും മുഖ്യമന്ത്രി എന്നാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച ചത്തീസ്ഗഡിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ രാജസ്ഥാനിലും ഇപ്പോള്‍ അതാണ് ചോദ്യം. സച്ചില്‍ പൈലറ്റും, അശോക് ഗലോട്ടും തമ്മിലാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി കസേര നോട്ടമിടുന്നത്. ചത്തീസ്ഗഡില്‍ പ്രതിപക്ഷ നേതാവടക്കം മൂന്ന് പേര് മുഖ്യമന്ത്രി പദം അവകാശപ്പെടുന്നു.
അതേസമയം ചത്തീസ്ഗഡിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അറിയാന്‍ അധികം കാത്തിരിക്കേണ്ടതില്ല. ഇന്ന് രാത്രി എട്ട് മണിയ്ക്ക് ചത്തീസ്ഗഡ് നിയമസഭാ കക്ഷിയോഗം ചേരും. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 200 അംഗ നിയമസഭയില്‍ 99 സീറ്റുമായി കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവ് കോണ്‍ഗ്രസിനുണ്ട്.6 സീറ്റുള്ള മായാവതി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
ഗലോട്ട് മന്ത്രിസഭയില്‍ അംഗമായിരുന്ന ബാബുലാല്‍നഗര്‍,കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി മഹാദേവ് സിങ്ങ്, രാജസ്ഥാന് പശു സംരക്ഷണമന്ത്രിയെ തോല്‍പ്പിച്ച സന്യാം ലോധ തുടങ്ങിയവരും സ്വതന്ത്രരായി വിജയിച്ചു. ഇവരുടെ പിന്തുണ കോണ്‍ഗ്രസിനാണ്.ഇത് കൂടാതെ ഏഴോളം സ്വതന്ത്രരും പാര്‍ടിയോട് ഒപ്പമുണ്ടന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ടിക്കുള്ളില്‍ തര്‍ക്കം. സച്ചില്‍ പൈലറ്റും, അശോക് ഗലോട്ടും ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ചത്തീസ്ഗഡില്‍ മൂന്ന് പേരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. എഐസിസി ഒബിസി വിഭാഗം തലവനും പ്രവര്‍ത്തക സമിതി അംഗവുമായ താമറാധവാജ് സാധു, പ്രതിപക്ഷ നേതാവ് റ്റിഎസ് സിന്‍ഹദോ, മറ്റൊരു ഒബിസി നേതാവ് ഭൂപേഷ് ഭാഗേല്‍. മൂവരുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവ് മല്ലിഗാര്‍ജുന ഗാര്‍ഗെയെ ചത്തീസ്ഗഡിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
ഇന്ന് രാത്രി എട്ട് മണിയ്ക്ക് ചത്തീസ്ഗഡ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് ഹൈക്കമാന്റ് അറിയിച്ചു.
Discussion about this post