ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയിലൂടെ വിമാനം പറത്തി ഇന്ത്യൻ വനിതകൾ; 16,000 കിമീ പിന്നിട്ട് ബംഗളൂരുവിൽ ലാൻഡിങ്!

women pilots| India News

ബംഗളൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയിലൂടെ വിമാനം നിയന്ത്രിച്ച് ഇന്ത്യൻ വനിതകളുടെ ചരിത്ര നേട്ടം. ഇവർ പറത്തിയ വിമാനം കർണാടകയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. നാല് വനിതകളാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം 16,000 കി.മീ നിയന്ത്രിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് വനിതകൾ മാത്രം നിയന്ത്രിക്കുന്ന വിമാനം ഇത്ര ദൂരം മറ്റെവിടെയും നിർത്താതെ പറന്ന് യാത്ര പൂർത്തിയാക്കുന്നത്.

ചരിത്രനേട്ടത്തിൽ എയർ ഇന്ത്യ വിമാനത്തെ നിയന്ത്രിച്ചത് ക്യാപ്റ്റൻ സോയ അഗർവാൾ, ക്യാപ്റ്റൻ പാപഗിരി തന്മയ്, ക്യാപ്റ്റൻ അകാൻഷ സോനാവനേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരായിരുന്നു.

എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബംഗളൂരു വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. തുടർച്ചയായി 17 മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം ബംഗളൂരുവിലെത്തിച്ചേർന്നത്.

ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്നു ക്യാപ്റ്റൻ സോയ അഗർവാൾ പ്രതികരിച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്നും ബംഗളുരുവിലേക്ക് മറ്റെവിടെയും നിർത്താതെ വന്ന ആദ്യ വിമാനം കൂടിയാണിത്.

Exit mobile version