കര്‍ഷകര്‍ കോഴി ബിരിയാണി കഴിക്കുന്നതാണ് പക്ഷിപ്പനി വ്യാപിക്കുന്നത്; പുതിയ വാദവുമായി ബിജെപി എംഎല്‍എ, കര്‍ഷകര്‍ക്ക് സമരം വിനോദയാത്ര പോലെയെന്നും വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് ബിജെപി എംഎല്‍എയുടെ വാദം. കര്‍ഷകര്‍ കോഴിബിരിയാണ് കഴിക്കുന്നതാണ് പക്ഷിപ്പനി രാജ്യത്ത് വ്യാപിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ ആണ് അബദ്ധ പ്രസ്താവന നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദിലാവര്‍ വീഡിയോയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ഒരു ചിന്തയുമില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം സമരം വെറും വിനോദയാത്രമാത്രമാണ്, അദ്ദേഹം പറയുന്നു. അവര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഉണങ്ങിയ പഴങ്ങള്‍ കഴിക്കുകയും ചെയ്യുന്നു.

എല്ലാ വിധത്തിലും അവര്‍ ആസ്വദിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വേഷം മാറുന്നു. അവര്‍ക്കിടയില്‍ നിരവധി തീവ്രവാദികളുണ്ട്, കള്ളന്‍മാരും കൊള്ളക്കാരുമുണ്ട്. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്. അപേക്ഷിച്ചിട്ടായാലും ബലംപ്രയോഗിച്ചായും എത്രയും വേഗം അവരെ നീക്കംചെയ്തില്ലെങ്കില്‍ രാജ്യം പക്ഷിപ്പനിയുടെ ഭീതിയിലാവും, മദന്‍ ദിലാവര്‍ തുറന്നടിക്കുന്നു.

Exit mobile version