ബ്രാഹ്‌മണ യുവതികളുടെ വിവാഹത്തിന് 25,000, പൂജാരിമാരെ വിവാഹം കഴിച്ചാല്‍ മൂന്നു ലക്ഷം; ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ബ്രാഹ്‌മണ യുവതികളുടെ വിവാഹത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപവീതവും നല്‍കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച സ്റ്റേറ്റ് ബ്രാഹ്‌മിണ്‍ ഡെവലപ്മെന്റ് ബോര്‍ഡാണ് ബ്രാഹ്‌മണ യുവതികള്‍ക്കായി രണ്ട് പദ്ധതികള്‍ കൊണ്ടുവന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബ്രാഹ്‌മണ യുവതികളുടെ വിവാഹത്തിന് 25000 രൂപയാണ് ധനസഹായം. ഈ പദ്ധതിക്ക് അരുന്ധതി എന്നാണ് പേര്. എന്നാല്‍ പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്‌മണ യുവതികള്‍ക്ക് മൂന്ന് ലക്ഷം ലഭിക്കും. മൈത്രേയി എന്നാണ് പദ്ധതിയുടെ പേര്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് ധനസഹായമെന്നും ആദ്യവിവാഹത്തിന് മാത്രമായിരിക്കും സഹായമെന്നും ബോര്‍ഡ് ചെയര്‍മാന്‍ എച്ച്എസ് സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു. അരുന്ധതി പദ്ധതിക്കായി ഇതുവരെ 500പേരാണ് അര്‍ഹരെന്നും മൈത്രേയി പദ്ധതിക്ക് 25പേരാണ് അപേക്ഷകരില്‍ നിന്ന് അര്‍ഹരെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ പ്രീണനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിമര്‍ശനമുയര്‍ന്നു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ബ്രാഹ്‌മണരായ കര്‍ഷകര്‍, പാചകജോലി ചെയ്യുന്നവര്‍ എന്നിവരെ വിവാഹം കഴിച്ചാലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാലേ മൂന്നു ലക്ഷം രൂപ പൂര്‍ണമായും ലഭിക്കൂ. ഓരോ വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ഒരു ലക്ഷം വീതമാണ് നല്‍കുക.

Exit mobile version