ബസ്തർ: പ്രണയിച്ച് വഞ്ചിച്ചെന്ന സ്ത്രീ-പുരുഷ ഭേദമന്യെയുള്ള പരാതികൾക്കിടയിൽ വ്യത്യസ്തനായി ഈ കാമുകൻ. പ്രണയിച്ച രണ്ട് സ്ത്രീകളേയും ജീവിതത്തിലേക്ക് ക്ഷണിച്ചാണ് ബസ്തർ ജില്ലയിലെ ചന്ദു മൗര്യ മാതൃകയായത്. ഛത്തീസ്ഗഡിലെ ഈ ഇരുപത്തിനാലുകാരൻ ഒരേ വേദിയിൽ വെച്ച് തന്റെ രണ്ട് പ്രണയിനികൾക്കും താലി ചാർത്തുകയായിരുന്നു. ജനുവരി അഞ്ചിനായിരുന്നു ചന്ദുവിന്റെയും ഹസീനയുടെയും സുന്ദരിയുടെയും വിവാഹം.
രണ്ടു പേർക്കും തന്നോട് ഇഷ്ടമാണെന്നും പരസ്പരസഹകരണത്തോടെ തനിക്കൊപ്പം ജീവിക്കാമെന്നും ഇരുവരും ധാരണയിലെത്തിയെന്നും ഇക്കാര്യം തന്നെ അറിയിക്കുകയായിരുന്നുവെന്നും ചന്ദു പറയുന്നു. അഞ്ഞൂറ് പേരോളം പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു ഈ വിവാഹം.
കർഷകനത്തൊഴിലാളി ആണെങ്കിലും മറ്റ് ജോലികളുടെ ചന്ദു ചെയ്യാറുണ്ട്. ഇത്തരത്തിൽ, വൈദ്യുതിത്തൂണുകൾ സ്ഥാപിക്കാൻ തോകാപാൽ പ്രദേശത്ത് എത്തിയതിനിടെയാണ് സുന്ദരി കശ്യപ് എന്ന യുവതിയുമായി ചന്ദു പ്രണയത്തിലായത്. വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തതിന് ശേഷമാണ് ഹസീന ഭാഗേൽ എന്ന യുവതിയെ ചന്ദു കണ്ടുമുട്ടിയത്. ഒരു വിവാഹച്ചടങ്ങിനിടെയായിരുന്നു ഇവർ പരിചയപ്പെട്ടത്. തനിക്ക് കാമുകിയുണ്ടെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും ഹസീനയെ അറിയിച്ചെങ്കിലും പിൻമാറാൻ അവൾ ഒരുക്കമല്ലായിരുന്നു. പിന്നീട് ഇക്കാര്യമറിഞ്ഞതോടെ സുന്ദരിയും ഹസീനയെ ചന്ദു ഭാര്യയായി സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്നറിയിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് 21 കാരിയായ സുന്ദരിയേയും 20 കാരിയായ ഹസീനയേയും ഒന്നിച്ച് വിവാഹം കഴിക്കാൻ ചന്ദു തീരുമാനിച്ചു. ചന്ദുവിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ മൂവരും താമസിക്കുന്നത്. അതേസമയം, ഹസീനയുടെ ബന്ധുക്കൾ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയെങ്കിലും സുന്ദരിയുടെ വീട്ടുകാർ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു.