ന്യൂഡൽഹി: രാജ്യത്ത് ഈ മാസം തന്നെ ആരംഭിക്കുന്ന കോവിഡ് 19ന് എതിരായ വാക്സിൻ വിതരണത്തിന് ഇന്ത്യൻ വ്യോമസേനയും പങ്കാളിയാകും. വാക്സിനുകൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എത്തിക്കുന്നതിന് വ്യോമസേനയുടെ വിമാനങ്ങളും മറ്റു കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഓക്സ്ഫോഡ്-ആസ്ട്രസെനക വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും കഴിഞ്ഞാഴ്ചയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.
വ്യോമ മാർഗമുള്ള വാക്സിൻ വിതരണത്തിന്റെ പ്രധാനപങ്കും നിർവഹിക്കുക വാണിജ്യ വിമാനങ്ങൾ വഴിയായിരിക്കും. വിമാനത്താവളങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ വ്യോമസേനയുടെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിന് വാണിജ്യ വിമാനങ്ങൾക്ക് അനുമതി നൽകും. രണ്ടു ദിവസത്തിനുള്ളിൽ വാക്സിൻ വിവിധ പ്രദേശങ്ങളിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
പ്രാദേശികമായ ഭരണകൂടത്തിന് വാക്സിൻ എത്തിച്ച് നൽകുന്നതുവരെ 24 മണിക്കൂർ നേരം നിശ്ചിത അളവിൽ തണുപ്പിച്ച് സൂക്ഷിക്കാവുന്ന പ്രത്യേക കണ്ടെയ്നറുകളിലാക്കിയായിരിക്കും വിമാനങ്ങളിൽ വിവിധയിടങ്ങളിൽ എത്തിക്കുക. വാക്സിൻ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ചർച്ചകൾ നടന്നുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post