ലഖ്നൗ: ഉത്തർപ്രദേശ് വീണ്ടും സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങളുടെ തലസ്ഥാനമാകുന്നതിനിടെ നിരുത്തരവാദപരമായ പ്രസ്താവനകളുമായി വനിതാ കമ്മീഷൻ. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീയെ അപമാനിച്ച് വനിതാ കമ്മീഷൻ അംഗം തന്നെ രംഗത്തെത്തിയത് സകലരേയും ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 50 വയസുള്ള അങ്കണവാടി ജീവനക്കാരി വൈകീട്ട് ഒറ്റയ്ക്ക് പുറത്തിറങ്ങരുതായിരുന്നെന്നും അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ബദായൂൺ സംഭവം ഒഴിവാക്കാമായിരുന്നുവെന്നുമാണ് ദേശീയ വനിതാ കമ്മീഷൻ അംഗം പ്രതികരിച്ചത്.
ബദായൂണിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷമാണ് വനിതാ കമ്മീഷൻ അംഗമായ ചന്ദ്രമുഖി വിവാദ പരാമർശം നടത്തിയത്. എത്ര അത്യാവശ്യം ഉണ്ടെങ്കിലും സ്ത്രീകൾ സമയത്തെപ്പറ്റി ചിന്തിക്കണം. അസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വേണമെന്നും ചന്ദ്രമുഖി പറഞ്ഞു.
വൈകീട്ട് ഈ സ്ത്രീ ഒറ്റയ്ക്ക് പുറത്തിറങ്ങി സഞ്ചരിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നു. കുടുംബാംഗങ്ങളിൽ ഒരാൾക്കൊപ്പം പോകാൻ തയ്യാറായിരുന്നുവെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, സോഷ്യൽമീഡിയ അടക്കം വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തിന് എതിരെ രംഗത്തെത്തിയതോടെ വിശദീകരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ രംഗത്തെത്തി. താൻ ഈ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും ചന്ദ്രമുഖി ഇത്തരം പരാമർശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രേഖാ ശർമ്മ ട്വിറ്ററിൽ കുറിച്ചു. സ്ത്രീകൾക്ക് ഏത് സമയത്തും എവിടെയും സ്വന്തം ഇഷ്ടപ്രകാരം പോകാൻ എല്ലാ അവകാശവുമുണ്ടെന്നും രേഖാ ശർമ്മ പറഞ്ഞു. വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തിൽ കമ്മീഷൻ അധ്യക്ഷ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടി പൂജാ ഭട്ട് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
അങ്കണവാടി വർക്കറായ 50 വയസുള്ള സ്ത്രീ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനായി പോയത്. ക്ഷേത്രത്തിൽ വെച്ചാണ് ഇവർ ആക്രമണത്തിന് ഇരയായത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ തിരിച്ചു വരാഞ്ഞതോടെ ബന്ധുക്കൾ തെരച്ചിൽ നടത്തുകയും സഹായംതേടി പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു.
എന്നാൽ പോലീസ് അവരെ തിരിച്ചയ്ക്കുകയാണ് ചെയ്തത്. രാത്രി 11.30 ഓടെ മൂന്നുപേർ സ്ത്രീയുടെ മൃതദേഹം അവരുടെ വീടിനടുത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു. ക്ഷേത്രത്തിലെ പുരോഹിതൻ ബാബ സത്യനാരായൺ, പുരോഹിതന്റെ ശിഷ്യനായ വേദ്റാം, ഡ്രൈവർ ജസ്പാൽ എന്നിവരാണ് മൃതദേഹം ഉപേക്ഷിച്ചു കടന്നതെന്നാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ യുപി ഡിജിപിക്ക് കത്തയച്ചിരുന്നു.
Discussion about this post