കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.
‘ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ആശുപത്രിയില്‍ പോകുന്നത്. അത് എന്റെ കാര്യത്തിലും ശരിയായി ഭവിച്ചു. എനിക്ക് തന്ന മികച്ച പരിചരണത്തിന് വുഡ്ലാന്‍ഡ്സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു നന്ദി പറയുന്നു. ഞാന്‍ തികച്ചും ആരോഗ്യവാനാണ്.’ ആശുപത്രിയില്‍ നിന്നും മടങ്ങവേ ഗാംഗുലി പറഞ്ഞു.
ശനിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. കുറച്ചു ദിവസത്തേക്ക് അദ്ദേഹം വീട്ടില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നിരീക്ഷണത്തിലായിരിക്കും. വീട്ടിലെത്തിയ ശേഷവും ഗാംഗുലിയുടെ ആരോഗ്യം ഡോക്ടര്‍മാര്‍ നിരീക്ഷിക്കും. സാധാരണ നിലയിലേക്ക് ഗാംഗുലി തിരിച്ചെത്താന്‍ ഒരുമാസം വരെ സമയം വേണ്ടിവരും.
വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ ശനിയാഴ്ച രാവിലെയാണ് സൗരവ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഗാംഗുലിക്ക് തുടര്‍ ആന്‍ജിയോപ്ലാസ്റ്റികള്‍ ആവശ്യമില്ലെന്നാണ് ഒന്‍പതംഗ മെഡിക്കല്‍ ബോര്‍ഡിന്റെ നിലവിലെ തീരുമാനം.
ആശുപത്രിയിലായിരിക്കേ ഗാംഗുലിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ വിളിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.