ന്യൂഡൽഹി: പശു രാഷ്ട്രീയം ഊട്ടിയുറപ്പിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് കേന്ദ്ര സർക്കാർ. പശു ശാസ്ത്രത്തിൽ പരീക്ഷ നടത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ക്ഷീര കർഷക വകുപ്പിനു കീഴിൽ പശുക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് (ആർകഐ) ആണു പരീക്ഷയുടെ സംഘാടകർ.
പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനും വിവിധ ഇനങ്ങളെ കുറിച്ചു ബോധവത്കരിക്കുന്നതിനും ദേശീയ തലത്തിൽ ‘ഗോ വിജ്ഞാൻ’ പരീക്ഷ നടത്താനാണു കേന്ദ്ര സർക്കാർ നീക്കം.
ഫെബ്രുവരി 25ന് ‘കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാദ്’ എന്ന പേരിലാണു പരീക്ഷ നടത്തുക. ഓൺലൈനായാണു പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക.
പരീക്ഷാ ഫലം ഉടൻതന്നെ പ്രഖ്യാപിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. മികച്ച വിജയം നേടുന്നവർക്കു പ്രത്യേക സമ്മാനങ്ങളുണ്ടാകും. പ്രൈമറി, സെക്കന്ററി, കോളജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്‌സൈറ്റിൽ ലഭിക്കും.
എല്ലാ വർഷവും പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ കതിരിയ അറിയിച്ചു. പശു ശാസ്ത്രവുമായി ബന്ധപ്പെട്ടു പഠനം നടത്തുന്നതിനുള്ള സാമഗ്രികളും കാമധേനു ആയോഗ് ഒരുക്കുന്നുണ്ട്.
Discussion about this post