ഹൈദരാബാദ്: പ്രകൃതിക്ക് ഏറെ നാശം ചെയ്യുന്ന ഒന്നാണ് സാനിറ്ററി വേസ്റ്റുകൾ. എന്നാൽ ഇതാകട്ടെ ഒഴിവാക്കാനാകാത്ത ഒന്നാണുതാനും. ഇത്രയേറെ പ്രകൃതിക്ക് ദോഷം ചെയ്തിട്ടും സാനിറ്ററി പാഡുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ഇവയ്ക്ക് പകരമായി ഫലപ്രദമായ ഒരു പരം വസ്തുവിനെ കണ്ടുപിടിക്കാനാകാത്തതിനാലാണ്.
എന്നാൽ ഇപ്പോഴിതാ ഇതിന് പരിഹാരവുമായി സീറോ വേസ്റ്റേജ് സാനിറ്ററി പാഡ് ഉണ്ടാക്കിയിരിക്കുകയാണ് തെലുങ്കാന, യദാദ്രി ഭുവനഗിരി ജില്ലയിലെ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിനികൾ. ജൈവ പാഡ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ പാഡുകൾ ഉണ്ടാക്കിയിരിക്കുന്നത് ജില്ലാ പരിഷത് സ്കൂളിലെ വിദ്യാർത്ഥിനികളാണ്.
കുളവാഴ, ഉലുവ, മഞ്ഞൾ, വേപ്പില, തുളസി വിത്ത് എന്നിവ ചേർത്താണ് സ്ട്രീറ്റ് രക്ഷാ എന്ന പേരിൽ സാനിറ്ററി പാഡുകൾ അവർ നിർമ്മിച്ചിരിക്കുന്നത്.
‘വിപണിയിൽ ലഭിക്കുന്ന പാഡുകൾ നിർമാർജ്ജനം ചെയ്യുന്നത് എളുപ്പമല്ല. അതിന് പകരമാണ് ജൈവവസ്തുക്കൾ കൊണ്ട് ഞങ്ങൾ പാഡുകൾ നിർമിച്ചത്. സാനിറ്ററി മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഏറെയാണ്. മാത്രമല്ല വിപണിയിൽ നിന്ന് ലഭിക്കുന്ന പാഡുകളിൽ ഉപയോഗിച്ചിരിക്കുന്ന പെട്രോളിയം ജെല്ലി അടക്കമുള്ളവ ആരോഗ്യത്തിനും ഹാനികരമാണ്.’-വിദ്യാർത്ഥിനിയായ സ്വാതി പറയുന്നു.
ഈ പാഡുകൾ ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിദ്യാർത്ഥിനികൾ വിശദീകരിക്കുന്നുണ്ട്. കുളവാഴയും വേപ്പിലയും മഞ്ഞളും ഉലുവയും മിക്സ് ചെയ്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് ഒരു ബോർഡിൽ വച്ച് ഉണക്കി എടുക്കുന്നതാണ് ഡൈവ പാഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടം. ശേഷം ഇവ സാനിറ്ററി പാഡിന്റെ വലുപ്പത്തിൽ മുറിച്ചെടുത്ത് മുകളിൽ തുളസി വിത്ത് വിതറും. ബീവാക്സ് ഉപയോഗിച്ച് കോട്ടൺസ്ട്രൈപ്സിനുള്ളിൽ ഈ ബോർഡ് സീൽ ചെയ്യുന്നതോടെ പാഡ് റെഡിയായി.
‘ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് പലപ്പോഴും സാനിറ്ററി പാഡുകളൊന്നും വാങ്ങാൻ കഴിയാറില്ല. തുണിയും മറ്റുമാണ് ഉപയോഗിക്കുന്നത്. ഇത് പലതരം രോഗങ്ങൾക്കും അണുബാധകൾക്കും കാരണമാകുകയും ചെയ്യും. എന്നാൽ ഈ സ്ട്രീറ്റ് രക്ഷാ പാഡുകൾ ഗ്രാമങ്ങളിൽ ലഭ്യമാക്കിയാൽ വലിൊരളവിൽ തന്നെ ഇത്തരം രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് അധ്യാപികയായ കല്യാണി പറയുന്നു.
Discussion about this post