ഭോപ്പാല്‍: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ക്ഷണം. കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. പിന്നാലെ 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാനായെത്തി.114 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 2 എംഎല്‍എമാരുള്ള ബിഎസ്പി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു.
ബിഎസ്പി അധ്യക്ഷ മായാവതിയാണ് വാര്‍ത്താ സമ്മേളനം നടത്തി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഒരു സീറ്റില്‍ വിജയിച്ച എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിച്ചുവന്ന നാല് സ്വതന്ത്രരും കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ചവരാണ്. ഇവരും ഇതിനോടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയായോടെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിയുകയായിരുന്നു.
രാത്രിയും നീണ്ട വോട്ടെണ്ണലിനു ശേഷം, ബുധനാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ അന്തിമഫലം പുറത്തെത്തിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മാധ്യമങ്ങളോടു പ്രതികരിച്ചു.
Discussion about this post