ശ്രീനഗര്‍: മകന് വേണ്ടി കുഴിമാടം വെട്ടുന്ന പിതാവ് ആണ് ഇന്ന് കണ്ണീര് കാഴ്ചയാകുന്നത്. കാശ്മീരിലെ പുല്‍വാമയിലാണ് പിതാവ് തന്റെ മകനായി ഖബറിടം ഒരുക്കുന്നത്. കഴിഞ്ഞദിവസം സുരക്ഷ സേനയാല്‍ കൊല്ലപ്പെട്ട മകന്റെ മൃതദേഹം തിരികെയെത്തുമെന്ന പ്രതീക്ഷയോടെയാണ് പിതാവ് കുഴിവെട്ടി കാത്തിരിക്കുന്നത്.
നാല് ദിവസം മുമ്പാണ് സോനാമാര്‍ഗ് ഭാഗത്ത് മൂന്നുപേരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ശ്രീനഗര്‍-ബാരാമുല്ല ഹൈവേയില്‍ വലിയ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന തീവ്രവാദികളാണ് ഇവരെന്ന് സുരക്ഷ സേന അവകാശപ്പെടുന്നത്. എന്നാല്‍, മകന് നിരപരാധിയാണെന്നും വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നും കൊല്ലപ്പെട്ട അതര്‍ മുഷ്താഖ് വാനിയുടെ പിതാവ് പറയുന്നു.
‘അവന്റെ മൃതദേഹം തിരികെയെത്തുന്നത് വരെ ഞാന്‍ കാത്തിരിക്കും. അവനെ ഇവിടത്തെ പൂര്‍വികരുടെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ’ -ഖബറൊരുക്കുന്നതിനിടെ മുഷ്താഖ് പറഞ്ഞു. അതര്‍ മുഷ്താഖ് വാനിയെ കൂടാതെ അജാസ് മഖ്ബൂല്‍ ഖാനി, സുബൈര്‍ അഹമ്മദ് ലോണി എന്നിവരാണ് കൊല്ലപ്പെട്ടത്.
16കാരനായ അതര്‍ മുഷ്താഖ് വാനി 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മറ്റു രണ്ടുപേര്‍ പോലീസ് കുടുംബാംഗങ്ങളാണ്. പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനാണ് 24കാരനായ അജാസ്. 22കാരനായ സുബൈറിന്റെ രണ്ട് സഹോദരന്മാരും പോലീസുകാരാണ്.
Discussion about this post