ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ നേരിടാന്‍ തയ്യാറാക്കിയ രണ്ട് വാക്‌സീനുകളുടെ കാര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോ ടെക്കിന്റെ കോവാക്‌സീനും അനുമതി നല്‍കാനാണ് വിദഗ്ധ സമിതി ഡിസിജിഐയോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്. വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുക്കുക. ഇന്നലെ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗം വിശദമായി ചര്‍ച്ച ചെയ്തു.
അനുമതി ലഭിക്കുന്നതിനോടൊപ്പം വാക്‌സീനേഷന്‍ റിഹേഴ്‌സല്‍ കൂടി വിലയിരുത്തിയ ശേഷമാകും വിതരണം ആരംഭിക്കുക. രാവിലെ പതിനൊന്ന് മണിക്ക് ഡിസിജിഐ വി ജി സോമാനി മാധ്യമങ്ങളെ കാണുന്നുണ്ട്. അതേസമയം കൊവിഷീല്‍ഡ് ഡോസിന് 250 രൂപയാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന വില. കൊവാക്‌സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടവാക്‌സിനേഷന്‍ യജ്ഞത്തില്‍ 30 കോടി ഇന്ത്യക്കാരെയാണ് വാക്‌സിനേറ്റ് ചെയ്യേണ്ടത്. ഇതില്‍ മൂന്ന് കോടി ആളുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കും. ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും, രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പോലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേര്‍.