ഭോപ്പാല്‍: ‘എന്റെ ശരീരം വില്‍ക്കണം, ശേഷം ആ പണം എടുത്ത് വൈദ്യുതി ബില്ല് അടയ്ക്കണം’ ഇത് ഗവണ്‍മെന്റിന് അവസാന കുറിപ്പെഴുതി ജീവനൊടുക്കിയ കര്‍ഷകന്റെ വാക്കുകളാണ്. തന്റെ ശരീരം ഗവര്‍ണ്‍മെന്റിന് നല്‍കി ശരീരഭാഗങ്ങള്‍ വിറ്റ് ലഭിക്കുന്ന പണം കൊണ്ട് വൈദ്യുതി ബില്ലടക്കണമെന്നാണ് കര്‍ഷകര്‍ എഴുതിയിരിക്കുന്നത്.
തങ്ങളുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ ഒരു മാസത്തിന് മേലെയായി കര്‍ഷകര്‍ സമരം ചെയ്യുന്ന വേളയിലാണ് മറ്റൊരു കര്‍ഷക ആത്മഹത്യ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലായിരുന്നു ജപ്തി നടപടികള്‍ക്ക് ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. രക്ഷപ്പെടാന്‍ പല വഴികളും നോക്കിയിരുന്നെന്നും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
അദ്ദേഹം സര്‍ക്കാരിനോട് ജപ്തി നടപടികള്‍ നീട്ടാന്‍ ഒരുപാട് യാചിച്ചിരുന്നെന്ന് ആത്മഹത്യ ചെയ്ത വ്യക്തിയുടെ സഹോദരന്‍ നിറകണ്ണുകളോടെ പറയുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം അദ്ദേഹത്തിന് സാമ്പത്തികമായി പ്രതിസന്ധികള്‍ കൂടിയിരുന്നു. ജപ്തി നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ മുമ്പില്‍ വച്ച് അദ്ദേഹത്തിനെ ഒരുപാട് ഉപദ്രവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണം ഇതായിരിക്കാമെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.