ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനുകൾക്ക് അടിയന്തരമായി അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവർ നിർമ്മിച്ച വാക്‌സിനുകൾളുടെ അനുമതിക്കായി സമർപ്പിച്ച അപേക്ഷ നിരസിക്കുകയായിരുന്നു. ഇരുവരുടേയും വാക്‌സിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടില്ല.
ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിർമ്മാതാക്കളായ ആസ്ട്ര സെനേക്കയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിന്റെ ഇന്ത്യയിലെ നിർമ്മാണം നടത്തുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്‌സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, വാക്‌സിനുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന് യുകെ അംഗീകാരം നൽകിയിരുന്നു.
യുകെയാണ് വാക്‌സിന് അംഗീകാരം നൽകിയ ആദ്യ രാജ്യം. സാധാരണ റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കാമെന്നതിനാൽ ഓക്‌സ്‌ഫെഡ് വാക്‌സിന് ഫൈസർ, മൊഡേണ വാക്‌സിനുമായി താരതമ്യം ചെയ്യുമ്പോൾ വില കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. ഫൈസർ, മൊഡേണ വാക്‌സിനുകൾ -72 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടതുണ്ട്.