കർഷക സമരത്തിനിടയിൽ മരിച്ച കർഷരുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണം; കേന്ദ്രത്തിന്റെ ആതിഥ്യം വേണ്ടെന്ന് കർഷകർ; കർഷകരുടെ ഉച്ചഭക്ഷണം പങ്കിട്ട് മന്ത്രിമാർ; ചർച്ച തുടരുന്നു

farmers

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷികനിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം തുടരുന്ന കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാരും സംയുക്ത കിസാൻ മോർച്ചയും തമ്മിലുള്ള നിർണായകചർച്ച തുടരുന്നു. ഡൽഹിയിലെ വിജ്ഞാൻഭവനിലാണ് ചർച്ച പുരോഗമിക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ പുതുവർഷം മുതൽ അതിരൂക്ഷമായ സമരത്തിന് തയ്യാറെടുക്കുകയാണ് കർഷകർ.

മൂന്ന് കാർഷികനിയമങ്ങളിലും ഭേദഗതികളല്ല, അവ മുഴുവനായി റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ ചർച്ചചെയ്യണമെന്നാണ് കർഷകരുടെ മുഖ്യ ആവശ്യം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇന്നത്തെ ചർച്ച ഇരുപക്ഷത്തും വഴിത്തിരിവാകുമെന്നാണ് കണക്കാക്കുന്നത്.

സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ചർച്ചയിൽ കർഷകർ ആവശ്യം ഉന്നയിച്ചു. അതേസമയം കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിക്കാൻ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സർക്കാർ അറിയിച്ചു.

വിജ്ഞാൻഭവനിലെ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാർ പ്രതിനിധികളും കർഷകർക്കൊപ്പം ഉച്ചഭക്ഷണം പങ്കിടുകയും ചെയ്തു. ചർച്ചയ്ക്ക് വരുമ്പോൾ കർഷകർ കൊണ്ടുവന്ന ഭക്ഷണമാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലും പങ്കിട്ടത്. കഴിഞ്ഞ അഞ്ച് തവണ ചർച്ചയ്‌ക്കെത്തിയിരുന്നപ്പോഴും കേന്ദ്രത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ സ്വന്തമായി തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണമായിരുന്നു കർഷകർ കഴിച്ചിരുന്നത്.

Exit mobile version